കോഴിക്കോട്: ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ആക്രമിച്ച ലഹരിമാഫിയ സംഘാംഗങ്ങളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വടകര പോലീസ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ കടുത്ത സംഘർഷം. പോലീസും പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസുകാരൻ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.നൂറിലധികം ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്.
പോലീസ് സ്റ്റേഷന് മുന്നിൽ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പ്രവർത്തകർ ബലമായി നീക്കം ചെയ്യുകയും സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് സ്ഥിതിഗതികൾ വഷളായത്. തുടർന്ന് പ്രവർത്തകരെ തടയാൻ പോലീസ് ലാത്തിവീശി. സംഘർഷത്തിൽ പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വടകര സഹകരണ ആശുപത്രിയിലും പരിക്കേറ്റ പോലീസുകാരനെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് കൂടുതൽ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.



