മിനികൂപ്പർ അപകടക്കേസ്: പ്രതികളെ വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്ന ഹർജി അങ്കമാലി കോടതി തള്ളി

തൃശൂർ: നെടുമ്പാശ്ശേരി വി.ഐ.പി റോഡിലെ അത്താണിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാർ അപകടക്കേസിലെ പ്രതികളെ തൃക്കാക്കര ബോസ്റ്റൽ സ്കൂളിൽ നിന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ജയിൽ അധികൃതർ നൽകിയ അപേക്ഷ അങ്കമാലി കോടതി തള്ളി. പ്രതികളുടെ സുരക്ഷ കണക്കിലെടുത്ത് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നായിരുന്നു തൃക്കാക്കര ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ ഹർജി.

അപകടസമയത്ത് കാറോടിച്ച ഒന്നാം പ്രതി ആലപ്പുഴ ആലിശ്ശേരി സ്വദേശി സുഹൈൽ സജീവ് (19), ആലപ്പുഴ തുമ്പോളി സ്വദേശികളായ രണ്ടാം പ്രതി നിനവ് (19), മൂന്നാം പ്രതി ജോയൽ (19), നാലാം പ്രതി അമീൻ (19) എന്നിവരാണ് നിലവിൽ ബോസ്റ്റൽ സ്കൂളിൽ റിമാൻഡിൽ കഴിയുന്നത്. 18-നും 21-നും ഇടയിൽ പ്രായമുള്ള യുവ കുറ്റാരോപിതരെയും കുറ്റവാളികളെയും സാധാരണ ജയിലുകളിൽ നിന്നുമാറ്റി ബോസ്റ്റൽ സ്കൂളുകളിലാണ് പാർപ്പിക്കുന്നത്. റിമാൻഡിലുള്ളവർക്കും ശിക്ഷിക്കപ്പെട്ടവർക്കും 23 വയസ്സ് തികയുന്നത് വരെ ബോസ്റ്റൽ സ്കൂളിൽ തുടരാൻ നിയമപരമായ വ്യവസ്ഥയുണ്ട്.

കൗമാരപ്രായക്കാരായ കുറ്റാരോപിതരെ മുതിർന്ന കുറ്റവാളികളോടൊപ്പം സാധാരണ ജയിലുകളിൽ പാർപ്പിച്ചാൽ അവർ കൂടുതൽ കുറ്റവാസനയുള്ളവരായി മാറിയേക്കുമെന്ന് കോടതി വിലയിരുത്തി. ശിക്ഷിക്കുക എന്നതിനേക്കാൾ ഉപരി ഇത്തരക്കാരെ നല്ല വ്യക്തികളായി സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ ആവശ്യം കോടതി നിരസിച്ചത്.

ഈ മാസം 11-ന് പുലർച്ചെയുണ്ടായ അതിദാരുണമായ അപകടത്തിൽ സ്കൂട്ടർ യാത്രികരായ കന്നഡ സ്വദേശി മുഹമ്മദ് ഇയാസ് (20), വയനാട് കൽപറ്റ സ്വദേശി കെ.വി. ദേവിക (21), പാലക്കാട് മണ്ണാർക്കാട് സ്വദേശി എം.പി. ഗോപിക (22) എന്നിവരാണ് മരിച്ചത്.

Related Articles

- Advertisement -spot_img

Latest Articles