ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെ സഹായിക്കാൻ എൽഐസി ഫണ്ട് ദുരുപയോഗം ചെയ്‌തുവെന്ന റിപ്പോർട്ടിനെ തുടർന്ന് പിഎസി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. കടക്കെണിയിലായ അദാനി ഗ്രൂപ്പിനെ സഹായിക്കുന്നതിനായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) ഫണ്ട് മോഡി സർക്കാർ ദുരുപയോഗം ചെയ്‌തുവെന്ന റിപ്പോർട്ട് വാഷിംഗ്ടൺ പോസ്റ്റാണ് പുറത്തുവിട്ടത്. റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പാർലമെൻ്റിൻ്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) വിഷയത്തിൽ ഉടൻ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
2025 മെയ് മാസത്തിൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും നീതി ആയോഗും ചേർന്ന് 3.9 ബില്യൺ ഡോളർ (ഏകദേശം 33,000 കോടി രൂപ) എൽഐസി ഫണ്ട് അദാനി ഗ്രൂപ്പിൻ്റെ ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കാൻ പദ്ധതി തയ്യാറാക്കി നടപ്പാക്കിയെന്നാണ് യുഎസ് പത്രമായ വാഷിംഗ്ടൺ പോസ്റ്റിൻ്റെ റിപ്പോർട്ട്. ഗൗതം അദാനിക്കെതിരെ വ്യാപകമായി അഴിമതി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് വിദേശ ബാങ്കുകൾ കൂടുതൽ വായ്പ നൽകാൻ മടിച്ച സാഹചര്യത്തിലാണ് ഈ നീക്കം നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഗ്രൂപ്പിൽ ആത്മവിശ്വാസം വളർത്താനും കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനുമായിരുന്നു ഈ നടപടി. ഈ പദ്ധതിയുടെ ഭാഗമായാണ് അദാനി പോർട്‌സിൻ്റെ 585 മില്യൺ ഡോളർ ബോണ്ട് ഇഷ്യൂ എൽഐസി ഒറ്റക്ക് പൂർണ്ണമായി വാങ്ങിയതെന്നും പറയുന്നു.
30 കോടി എൽഐസി പോളിസി ഉടമകളുടെ സമ്പാദ്യം വ്യവസ്ഥാപിതമായി ദുരുപയോഗം ചെയ്തുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. ഇതിനെ ‘മോദാനി മെഗാ അഴിമതി’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, 2024 സെപ്റ്റംബർ 21-ന് അദാനിക്കെതിരെ യുഎസിൽ കുറ്റപത്രം വന്നതിനെ തുടർന്ന് നാല് മണിക്കൂറിനുള്ളിൽ എൽഐസിക്ക് 7,850 കോടി രൂപയുടെ നഷ്ടം ഉണ്ടായ കാര്യവും ചൂണ്ടിക്കാട്ടി. വിഷയത്തിൽ ജെപിസി അന്വേഷണം വേണമെന്ന ദീർഘകാലമായി കോൺഗ്രസ് ആവർത്തിച്ചു ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.
അതേസമയം,വാഷിംഗ്ടൺ പോസ്റ്റിൻ്റെ ആരോപണങ്ങൾ എൽ.ഐ.സി. നിഷേധിച്ചു. തങ്ങളുടെ നിക്ഷേപ തീരുമാനങ്ങൾ സ്വതന്ത്രവും ബോർഡ് അംഗീകരിച്ച നയങ്ങൾക്കനുസരിച്ചുള്ളതാണെന്നും ബാഹ്യ സ്വാധീനമില്ലെന്നും എൽഐസി പ്രസ്താവനയിലൂടെ അറിയിച്ചു വിശദമായ പരിശോധനകൾക്ക് ശേഷമാണ് തീരുമാനം എടുക്കുന്നതെന്നും എൽഐസി അറിയിച്ചു. അദാനി ഗ്രൂപ്പാകട്ടെ, സർക്കാരിൻ്റെ നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള ആരോപണങ്ങൾ നിഷേധിക്കുകയും തങ്ങളുടെ വളർച്ച മോഡിയുടെ ദേശീയ നേതൃത്വത്തിന് മുൻപുള്ളതാണെന്നും പ്രതികരിച്ചു.



