ജോർജിയ: അമേരിക്കയിലെ ജോർജിയയിൽ കുടുംബവഴക്കിനെത്തുടർന്ന് ഇന്ത്യൻ വംശജയായ പ്രമുഖ വനിതാ ടെക് എക്സിക്യൂട്ടീവിനെ ഭർത്താവ് വെടിവച്ചുകൊന്നു. ഗൂഗിളിലെ സീനിയർ എൻജിനീയറിങ് ലീഡറായ ശീതൾ വ്രസെൻ ആണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ ഇവരുടെ മകൻ ജേസനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ശീതളിന്റെ ഭർത്താവ് കിർക് വ്രസെനെ കോബ് കൗണ്ടി പോലീസ് സംഭവസ്ഥലത്തുനിന്നുതന്നെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ കൊലപാതകം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകൾ ചുമത്തി ബോണ്ടില്ലാതെ തടവിൽ പാർപ്പിച്ചിരിക്കുകയാണ്.
ജോർജ്ജിയയിലെ കോബ് കൗണ്ടിയിലുള്ള ഇവരുടെ വസതിയിൽ വെച്ചായിരുന്നു ദാരുണമായ സംഭവം. ദമ്പതികൾ തമ്മിലുണ്ടായ കടുത്ത വാക്കേറ്റമാണ് പെട്ടെന്നുള്ള വെടിവയ്പ്പിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വെടിയേറ്റ നിലയിൽ വീടിന് പുറത്ത് കണ്ടെത്തിയ മകൻ ജേസനെ ഉടൻ തന്നെ അത്യാഹിത വിഭാഗം ആശുപത്രിയിലേക്ക് മാറ്റി. വീടിനുള്ളിൽ നടത്തിയ തിരച്ചിലിലാണ് ശീതളിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിർക് വ്രസെൻ തോക്കുപയോഗിച്ച് കുടുംബത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
സാങ്കേതികവിദ്യാരംഗത്ത് 20 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ശീതൾ, ഗൂഗിളിലെ മാർക്കറ്റിംഗ് ടെക്നോളജി വിഭാഗം മേധാവിയായാണ് ഒടുവിൽ സേവനമനുഷ്ഠിച്ചിരുന്നത്. ഇന്ത്യ, ഇംഗ്ലണ്ട്, ഘാന എന്നീ രാജ്യങ്ങളിലായാണ് ശീതൾ വളർന്നത്. തുടർന്ന് ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയ ഇവർ 1994-ൽ പ്രശസ്തമായ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി. ഗൂഗിളിൽ ചേരുന്നതിന് മുൻപ് അമേരിക്കയിലെ പ്രമുഖ റീട്ടെയിൽ കമ്പനിയായ ‘ഹോം ഡിപ്പോ’യുടെ ഡിജിറ്റൽ, മൊബൈൽ ബിസിനസ് പരിവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും ശീതളായിരുന്നു. തന്റെ കോളേജിന്റെ അഡ്വൈസറി ബോർഡ് അംഗമായും ജോർജിയ ടെക് അലുമിനി അസോസിയേഷൻ ട്രസ്റ്റിയായും പ്രവർത്തിച്ചിരുന്ന ഇവർ, സാങ്കേതിക മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി നിരവധി സന്നദ്ധപ്രവർത്തനങ്ങളും നടത്തിയിരുന്നു. സംഭവത്തിൽ കോബ് കൗണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



