22.7 C
Saudi Arabia
Wednesday, March 25, 2026
spot_img

സൗദിയിൽ മധുരപാനീയങ്ങൾക്ക് വില വർധിക്കും; പുതിയ നയം 2026 ജനുവരി ഒന്ന് മുതൽ

റിയാദ്: സൗദി അറേബ്യയിൽ മധുരപാനീയങ്ങൾക്ക് പുതിയ നികുതി നയം നടപ്പിലാക്കുന്നു. വ്യവസായ മന്ത്രി ബന്ദർ അൽഖുറയീഫ് പ്രഖ്യാപിച്ച ഈ പുതിയ നയം 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

പൊതുജനാരോഗ്യം സംരക്ഷിക്കുക, രാജ്യത്ത് പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക, വ്യവസായങ്ങൾക്ക് നൂതനത്വം കൊണ്ടുവരാനും കുറഞ്ഞ പഞ്ചസാരയുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പുതിയ നയം ലക്ഷ്യമിടുന്നത്. അമിതവണ്ണം, പല്ലിൻ്റെ പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യ വെല്ലുവിളികൾ കുറയ്ക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

കഴിഞ്ഞ മാസം ജി.സി.സി. (ഗൾഫ് സഹകരണ കൗൺസിൽ) ധനസഹകരണ കമ്മിറ്റി നികുതി കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തിയിരുന്നു. ഇതനുസരിച്ച്, പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ, നിലവിലുള്ള 50% ഫ്ലാറ്റ് റേറ്റ് നികുതി ഒഴിവാക്കും. പകരം, പാനീയത്തിലെ പഞ്ചസാരയുടെ അളവിന് അനുസരിച്ച് ഘട്ടംഘട്ടമായി നികുതി ചുമത്തും.

പഞ്ചസാരയോ കൃത്രിമ മധുരപദാർത്ഥങ്ങളോ ചേർത്ത പാനീയങ്ങൾക്ക് പുറമേ, ഇവയുടെ പൊടി, ജെൽ രൂപത്തിലുള്ള ഉൽപ്പന്നങ്ങൾക്കും പുതിയ നികുതി ബാധകമാകും. ഈ വിഷയത്തിൽ നേരത്തെ വ്യവസായ മേഖലയിൽ ഉണ്ടായിരുന്ന ആശങ്കകൾ പരിഹരിച്ചതായി മന്ത്രി ബന്ദർ അൽഖുറയീഫ് വ്യക്തമാക്കി.

ധനമന്ത്രാലയം, സകാത്ത് അതോറിറ്റി, ടാക്സ് അതോറിറ്റി, കസ്റ്റംസ്, ആരോഗ്യ മന്ത്രാലയം എന്നിവയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ നയം അംഗീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു. ജി.സി.സി. തലത്തിലുള്ള ഏകോപനവുമായി ബന്ധപ്പെട്ട സങ്കീർണ്ണ വിഷയമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Related Articles

- Advertisement -spot_img

Latest Articles