ന്യൂഡൽഹി: ഉത്തർപ്രദേശിൽ വോട്ടർ പട്ടികയിൽ നിന്ന് 1.27 കോടി ഹിന്ദു വോട്ടർമാരെ നീക്കം ചെയ്തുവെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദത്തെ ചോദ്യം ചെയ്ത് രാജ്യസഭാ എം.പി കപിൽ സിബൽ. യോഗി ആദിത്യനാഥിന്റെ കൈവശം ഈ കണക്കുകൾ എങ്ങനെയെത്തി എന്ന് വ്യക്തമാക്കണമെന്നും, ഒഴിവാക്കപ്പെട്ട പേരുകൾ ഏതൊക്കെയാണെന്നും ഏതെല്ലാം മണ്ഡലങ്ങളിൽ നിന്നാണ് അവ നീക്കം ചെയ്തതെന്നും ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വോട്ടർ പട്ടിക പുതുക്കൽ നടപടികൾ കൃത്യമായാണ് നടന്നതെന്ന യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ അവകാശവാദവും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയും തമ്മിൽ വലിയ വൈരുധ്യമുണ്ടെന്നും സിബൽ ചൂണ്ടിക്കാട്ടി. എന്താണ് യഥാർത്ഥത്തിൽ നടക്കുന്നതെന്ന് യോഗിക്കോ മൗര്യയ്ക്കോ വ്യക്തതയില്ലെന്നും കേന്ദ്ര സർക്കാരിന് മാത്രമാണ് ഇതിനെക്കുറിച്ച് അറിയാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടികളിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
ഫോം 6, 7, 8 എന്നിവയുടെ ഉപയോഗത്തിൽ വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് കപിൽ സിബൽ ആരോപിച്ചു. നീക്കം ചെയ്യപ്പെട്ട പേരുകൾ തിരികെ നൽകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, എന്തിനാണ് ആദ്യഘട്ടത്തിൽ ആ പേരുകൾ വെട്ടിച്ചുരുക്കിയതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. ജനാധിപത്യത്തെ കരിവാരിത്തേക്കുന്ന നടപടികളാണ് ദേശീയ തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



