ലഖ്നൗ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ വീടിന് മുന്നിൽ അമിത ശബ്ദത്തിൽ ഡി.ജെ സംഗീതം വെച്ചതിനെത്തുടർന്ന് 20 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് ദാരുണമായി മരിച്ചു. മണിയാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മുടിയാരി ഗ്രാമത്തിൽ വെള്ളിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. ലക്ഷ്മി വിഗ്രഹ നിമജ്ജന ഘോഷയാത്രയുടെ ഭാഗമായി വലിയ സ്പീക്കറുകൾ ഘടിപ്പിച്ച ഡി.ജെ വാഹനം റീമ ദേവി എന്ന യുവതിയുടെ വീടിന് മുന്നിൽ നിർത്തിയിടുകയായിരുന്നു. ഈ സമയം അമ്മയോടൊപ്പം വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന നവജാതശിശു, പെട്ടെന്നുണ്ടായ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഞെട്ടിയുണരുകയും നിർത്താതെ കരയുകയും ചെയ്തു.
ശബ്ദം കുറയ്ക്കാനും വാഹനം വീടിന് മുന്നിൽ നിന്ന് മാറ്റാനും കുടുംബാംഗങ്ങൾ ഡി.ജെ സംഘത്തോട് പലതവണ അപേക്ഷിച്ചെങ്കിലും അവർ അതിന് തയ്യാറായില്ലെന്ന് ബന്ധുക്കൾ പറയുന്നു. അമിതമായ ശബ്ദത്തിന്റെ ആഘാതത്തിൽ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലയ്ക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. പ്രസവശേഷം പരിചരിക്കാൻ ഭർതൃവീട്ടിൽ ആളില്ലാത്തതിനാൽ 10 ദിവസം മുമ്പാണ് റീമ ദേവി കുഞ്ഞുമായി മുടിയാരിയിലെ സ്വന്തം വീട്ടിലെത്തിയത്.
കുഞ്ഞ് അബോധാവസ്ഥയിലായതോടെ വീട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബല്ലിയ പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ഡി.ജെ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുക്കുകയും ഓപ്പറേറ്ററെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുഞ്ഞിന്റെ മരണകാരണം കൃത്യമായി സ്ഥിരീകരിക്കുന്നതിനായി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്.



