ഹജ്ജ്-ഉംറ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സൗദിയുടെ പുതിയ ഡാറ്റാ സംവിധാനം ‘ഉഫുഖ്’ (Ufuq)

റിയാദ്: ഹജ്ജ്, ഉംറ മേഖലയിലെ വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്ത് തീരുമാനങ്ങളെടുക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സൗദി അറേബ്യ ‘ഉഫുഖ്’ (Ufuq) എന്ന പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചു. ജിദ്ദയിൽ ബുധനാഴ്ച സമാപിച്ച ആറാമത് ഹജ്ജ്-ഉംറ കോൺഫറൻസ് ആൻഡ് എക്സിബിഷനിൽ വെച്ച് ഹജ്ജ്-ഉംറ മന്ത്രിയും പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാം (PEP) കമ്മിറ്റി ചെയർമാനുമായ ഡോ. തൗഫീഖ് അൽ റബീഅയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കേവല കണക്കുകൾക്കപ്പുറം വിവരങ്ങളെ അറിവാക്കി മാറ്റി തീരുമാനങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഡാറ്റ ബിയോണ്ട് നമ്പേഴ്‌സ്’ (Data Beyond Numbers) എന്ന പ്രമേയത്തിൽ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

സൗദി വിഷൻ 2030-ന്റെ ഭാഗമായുള്ള പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാമിന് കീഴിലാണ് ഉഫുഖ് നടപ്പിലാക്കുന്നത്. ഹജ്ജ്-ഉംറ മേഖലയുമായി ബന്ധപ്പെട്ട നൂറിലധികം വാർഷിക റിപ്പോർട്ടുകളും പതിനഞ്ചിലധികം ഇൻഫർമേഷൻ പാനലുകളും ഇതിൽ ഉൾപ്പെടുന്നു. തീർത്ഥാടകർക്ക് സേവനം നൽകുന്ന 55-ലധികം സർക്കാർ ഏജൻസികൾക്ക് തത്സമയ വിവരങ്ങളും സൂചികകളും ലഭ്യമാക്കുന്നതിനും പരസ്പര സഹകരണത്തോടെ മികച്ച ആസൂത്രണം നടത്തുന്നതിനും ഈ സംവിധാനം സഹായകമാകും. കൂടാതെ, ദേശീയ ഓപ്പൺ ഡാറ്റാ പ്ലാറ്റ്‌ഫോം വഴി പതിനഞ്ചിലധികം പ്രധാന ഡാറ്റാസെറ്റുകളും ഇതിലൂടെ പൊതുവായി ലഭ്യമാക്കുന്നുണ്ട്.

മക്കയിലെയും മദീനയിലെയും ഇരുഹറമുകളിൽ എത്തുന്ന തീർത്ഥാടകർക്ക് യാത്രയ്ക്ക് മുമ്പും യാത്രാവേളയിലും ശേഷവും മികച്ച മത-സാംസ്കാരിക അനുഭവങ്ങൾ നൽകാനാണ് പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. 2019-ൽ ഈ പദ്ധതി ആരംഭിച്ച ശേഷം തീർത്ഥാടന മേഖലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്ന് സമ്മേളനത്തിൽ സംസാരിക്കവെ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ വ്യക്തമാക്കി. വിദേശത്തുനിന്നെത്തുന്ന ഉംറ തീർത്ഥാടകരുടെ എണ്ണം 2022-ൽ 84 ലക്ഷമായിരുന്നത് 2025-ൽ 1.8 കോടിയായി ഉയർന്നതായും, ഇതേ കാലയളവിൽ മദീനയിലെ പ്രവാചക പള്ളിയിലെ റൗളാ ശരീഫ് സന്ദർശിച്ചവരുടെ എണ്ണം 60 ലക്ഷത്തിൽ നിന്ന് 1.6 കോടിയായി വർധിച്ചതായും അദ്ദേഹം കണക്കുകൾ സഹിതം ചൂണ്ടിക്കാട്ടി.

Related Articles

- Advertisement -spot_img

Latest Articles