അൽ ഹസ്സ : സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ കാർഷിക പൈതൃകം ആഘോഷിക്കുന്നതിനായി ഒരുക്കിയ ‘അൽ അഹ്സ പാം വില്ലേജ്’ സന്ദർശകർക്കായി തുറന്നുകൊടുത്തു. മൂന്ന് മാസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഒട്ടേറെ പുതിയ സാംസ്കാരിക-വിനോദ ആകർഷണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. അൽ അഹ്സ ഗവർണറും അൽ അഹ്സ ഡെവലപ്മെന്റ് അതോറിറ്റി സി.ഇ.ഒയുമായ സൗദ് ബിൻ തലാൽ ബിൻ ബദർ രാജകുമാരനാണ് ഈ വിനോദസഞ്ചാര കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
അൽ അഹ്സ മരുപ്പച്ചയിലെ ഈന്തപ്പനത്തോട്ടങ്ങൾക്ക് നടുവിൽ 90,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് പാം വില്ലേജ് സജ്ജീകരിച്ചിരിക്കുന്നത്. മുപ്പതിലധികം റസ്റ്റോറന്റുകളും കഫേകളും, പ്രാദേശിക ഉൽപ്പന്നങ്ങളും കരകൗശല വസ്തുക്കളും വിൽക്കുന്ന 35 സ്റ്റാളുകളും ഇതിലുണ്ട്. കൂടാതെ, ഈന്തപ്പന മ്യൂസിയം, ഇന്ററാക്ടീവ് തിയേറ്റർ, പരമ്പരാഗത നാടൻ കലാരൂപങ്ങൾ, സാഹിത്യം, കല, പ്രാദേശിക പൈതൃകം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരിക ഭവനങ്ങൾ ഉൾപ്പെടെ 15-ലധികം പുതിയ അനുഭവങ്ങളും ഇത്തവണ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
പ്രാദേശിക കർഷകരെയും കരകൗശല വിദഗ്ധരെയും ചെറുകിട സംരംഭകരെയും പിന്തുണയ്ക്കുന്നതിനൊപ്പം അൽ അഹ്സയുടെ കാർഷിക-സാംസ്കാരിക സമ്പത്തിനെ സുസ്ഥിര സാമ്പത്തിക-വിനോദസഞ്ചാര അവസരങ്ങളാക്കി മാറ്റാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് സൗദ് രാജകുമാരൻ പറഞ്ഞു. സൗദി വിഷൻ 2030-ന് കീഴിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുന്നതിൽ ടൂറിസം, കൃഷി, പൈതൃകം എന്നിവയുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
ശൈത്യകാല വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ അൽ അഹ്സയുടെ ആകർഷണീയത വർധിപ്പിക്കാൻ പാം വില്ലേജ് സഹായിക്കുമെന്ന് അൽ അഹ്സ മേയറും വാഹ ഡെവലപ്മെന്റ് ചെയർമാനുമായ ഇസ്സാം അൽ മുല്ല അഭിപ്രായപ്പെട്ടു. സൗദി ഈന്തപ്പഴങ്ങളെയും അനുബന്ധ ഉൽപ്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് നാഷണൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് സി.ഇ.ഒ അഹമ്മദ് അൽ മൂസ വ്യക്തമാക്കി. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെയും നാഷണൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്സിന്റെയും പിന്തുണയോടെ 2024-ലാണ് ഈ പദ്ധതി ആരംഭിച്ചത്.



