കാറിനടിയിൽ കുടുങ്ങിയ ഭിക്ഷാടകന് ദാരുണാന്ത്യം; അര കിലോമീറ്ററിലധികം റോഡിലൂടെ വലിച്ചിഴച്ചു

കൊല്ലം: ദേശീയപാതയിൽ കാറിനടിയിൽ കുടുങ്ങിയിട്ടും നിർത്താതെ അര കിലോമീറ്ററിലധികം റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഭിക്ഷാടകൻ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന കുലശേഖരപുരം കടത്തൂർ മുറിയിൽ പുതുക്കാട്ട് പടീറ്റതിൽ ഷാജഹാനെ (58) കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 10 മണിയോടെ ദേശീയപാതയിൽ വവ്വാക്കാവ് പുലിയൻകുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണമായ അപകടം നടന്നത്.

കരുനാഗപ്പള്ളി ഭാഗത്തുനിന്ന് വന്ന കാർ ദേശീയപാതയിലൂടെ തിരിയുമ്പോഴാണ് ഭിക്ഷാടകൻ കാറിനടിയിൽ പെട്ടുപോയത്. എന്നാൽ കാർ നിർത്താതെ മുന്നോട്ടുപോവുകയായിരുന്നു. തുടർന്ന് സമീപത്തെ ഒരു ബൈറോഡിൽ ഇയാളെ പരിക്കുകളോടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപകടത്തിൽ ശരീരവും വസ്ത്രവും പൂർണ്ണമായും രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും, തുടർന്ന് നില ഗുരുതരമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും, ഇയാൾ കരുനാഗപ്പള്ളി ടൗണിൽ സ്ഥിരമായി കണ്ടിരുന്ന ഒരു ഭിക്ഷാടകനാണെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. മൃതദേഹം നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിച്ച് കരുനാഗപ്പള്ളി സി.ഐ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles