കൊച്ചി: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനുള്ളിൽ വെച്ച് ഗർഭിണിയായ യുവതിയെ എസ്.എച്ച്.ഒ ക്രൂരമായി മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 2024-ൽ നടന്ന ഈ ദാരുണ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇരയായ യുവതി നടത്തിയ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കോടതിയിൽ നിന്ന് ലഭ്യമായത്. അന്നത്തെ നോർത്ത് എസ്.എച്ച്.ഒ പ്രതാപചന്ദ്രൻ, കസ്റ്റഡിയിലുണ്ടായിരുന്ന യുവാവിന്റെ ഭാര്യ ഷൈമോൾ എൻ.ജെയെ പരസ്യമായി മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
വനിതാ പോലീസുകാർ ഉൾപ്പെടെ നോക്കിനിൽക്കെ, ഗർഭിണിയാണെന്ന പരിഗണന പോലും നൽകാതെ യുവതിയെ മുഖത്തടിക്കുകയും നെഞ്ചിൽ പിടിച്ചുതള്ളുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. നിലവിൽ അടൂരിൽ സേവനമനുഷ്ഠിക്കുന്ന പ്രതാപചന്ദ്രനെതിരെ വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടും ഇതുവരെ വകുപ്പുതല നടപടികൾ ഉണ്ടായിട്ടില്ലെന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഉൾപ്പെടെയുള്ളവർ ഇടപെടണമെന്ന ആവശ്യം ശക്തമാവുകയാണ്.



