അലിഗഡ് അധ്യാപകന്റെ കൊലപാതകം: ക്രൂരത വെടിയേറ്റു വീണ ശേഷവും, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആഗ്ര: അലിഗഡ് മുസ്ലീം സർവ്വകലാശാല അധ്യാപകൻ ഡാനിഷ് അലി റാവു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ ക്രൂരത വെളിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വെടിയേറ്റു വീണ ഡാനിഷിന്റെ മൃതദേഹത്തോടുപോലും അക്രമികൾ അങ്ങേയറ്റം ക്രൂരത കാട്ടിയെന്നാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. റോഡിൽ നിർജീവമായി കിടക്കുകയായിരുന്ന ഡാനിഷിന്റെ തലയിൽ തോക്ക് ചേർത്തുപിടിച്ച് അക്രമികളിൽ ഒരാൾ വീണ്ടും വെടിയുതിർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഏകദേശം ആറ് തവണയോളം നിറയൊഴിക്കുന്ന ശബ്ദവും ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്.

ക്യാമ്പസിനുള്ളിൽ സുഹൃത്തുക്കൾക്കൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് ഡാനിഷ് അലി ആക്രമിക്കപ്പെട്ടത്. “ഞാനാരെന്ന് നിനക്കിതുവരെ അറിയില്ല, ഇപ്പോൾ അറിയാം” എന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമികൾ ഇദ്ദേഹത്തിന് നേരെ നിറയൊഴിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇമ്രാൻ മൊഴി നൽകിയിട്ടുണ്ട്. സർവ്വകലാശാലയുടെ കീഴിലുള്ള സ്കൂളിൽ കമ്പ്യൂട്ടർ അധ്യാപകനായിരുന്ന ഡാനിഷിന്റെ വധത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. സംഭവത്തിൽ രണ്ട് അക്രമികളുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ പിടികൂടാനുള്ള ഊർജ്ജിത ശ്രമത്തിലാണ് ഉത്തർപ്രദേശ് പോലീസ്.

 

Related Articles

- Advertisement -spot_img

Latest Articles