28.8 C
Saudi Arabia
Monday, February 23, 2026
spot_img

തീർഥാടക സേവനത്തിൽ സന്നദ്ധ മേഖലയുടെ പങ്ക് വർദ്ധിപ്പിക്കാൻ പുതിയ പദ്ധതി

മക്ക: ഹജ്ജ്-ഉംറ തീർഥാടകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സന്നദ്ധ മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മക്ക ചേംബർ ഓഫ് കൊമേഴ്സിൽ ആദ്യമായി ‘നോൺ-പ്രോഫിറ്റ് സെക്ടർ ഫോറം’ സംഘടിപ്പിച്ചു. ഹജ്ജ്-ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഈ മേഖലയിലെ സന്നദ്ധ സംഘടനകളുടെ എണ്ണം അമ്പത് മടങ്ങായി വർദ്ധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹജ്ജ്-ഉംറ സേവന സംവിധാനത്തിന്റെ പ്രധാന ഘടകമായി സന്നദ്ധ മേഖല മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2026 മുതൽ 2030 വരെയുള്ള കാലയളവിലേക്ക് ഹജ്ജ്-ഉംറ മന്ത്രാലയം തയ്യാറാക്കിയ പ്രത്യേക സന്നദ്ധ നയരേഖയും ഫോറത്തിൽ അവതരിപ്പിച്ചു. സേവനങ്ങളിൽ വൈവിധ്യം കൊണ്ടുവരിക, കാര്യക്ഷമത വർദ്ധിപ്പിക്കുക, തീർഥാടകരുടെ അനുഭവം കൂടുതൽ മികച്ചതാക്കുക എന്നിവയാണ് ഈ തന്ത്രപ്രധാന നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ നൂറിലധികം സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് മന്ത്രാലയം മേൽനോട്ടം വഹിക്കുന്നുണ്ട്. സർക്കാർ, സ്വകാര്യ, സന്നദ്ധ മേഖലകൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിലൂടെ സേവന മാതൃകകളിൽ നൂതന മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

ഫോറത്തിന്റെ ഭാഗമായി നടന്ന പാനൽ ചർച്ചകളിൽ മക്ക മേയർ മുസാഅദ് അൽ ദാവൂദ്, ഹജ്ജ്-ഉംറ ഉപമന്ത്രി അബ്ദുൽ ഫത്താഹ് മഷാത്ത് തുടങ്ങി പ്രമുഖർ പങ്കെടുത്തു. സന്നദ്ധ മേഖലയുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കൽ, പുതിയ നിക്ഷേപ മാതൃകകൾ സ്വീകരിക്കൽ, സാമൂഹിക പ്രതിബദ്ധത വർദ്ധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. സന്നദ്ധ സംഘടനകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ശിൽപ്പശാലകളും വിവിധ പദ്ധതികളുടെ പ്രദർശനവും ഇതിനോടനുബന്ധിച്ച് നടന്നു. സേവന രംഗത്ത് കൂടുതൽ കരുത്തുറ്റ പങ്കാളിത്തം ഉറപ്പാക്കുന്നതിനായുള്ള നിരവധി കരാറുകളിലും ഫോറത്തിൽ വെച്ച് ഇരുവിഭാഗങ്ങളും ഒപ്പുവെച്ചു.

 

Related Articles

- Advertisement -spot_img

Latest Articles