കെയ്‌റോ/ടോറോന്റോ: ഫിഫ ലോകകപ്പ് 2026-ന്റെ റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് നാടകീയമായി പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ, മത്സരത്തിലെ റഫറിയിങ് തീരുമാനങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവുമായി ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ. മത്സരത്തിൽ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം തെറ്റായ രീതിയിലാണ് വിനിയോഗിച്ചതെന്നും ടൂർണമെന്റിന്റെ ഫലത്തെ തന്നെ ബാധിക്കുന്ന ഇത്തരം വീഴ്ചകളിൽ തങ്ങൾ നിശബ്ദരായിരിക്കില്ലെന്നും ഇഎഫ്എ ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന ആവേശപ്പോരാട്ടത്തിൽ കളി അവസാനിക്കാൻ 11 മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ഈജിപ്ത് 2-0 ന് മുന്നിലായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിലേക്ക് ഈജിപ്ത് നീങ്ങവെയാണ് അവസാന നിമിഷങ്ങളിൽ മൂന്ന് ഗോളുകൾ വഴങ്ങി ടീം കണ്ണീരോടെ ടൂർണമെന്റിൽ നിന്ന് പുറത്തായത്. മത്സരത്തിന്റെ ഫലത്തെ നേരിട്ട് സ്വാധീനിച്ച റഫറി ഫ്രാൻസ്വ ലെറ്റെക്സിയറിനും അദ്ദേഹത്തിന്റെ അസിസ്റ്റന്റുമാർക്കുമെതിരെ ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഹാനി അബോ റിദ ഫിഫയ്ക്ക് ഔദ്യോഗികമായി പരാതി നൽകിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മത്സരത്തിന്റെ 62-ാമത് മിനിറ്റിൽ ഈജിപ്തിന്റെ മുസ്തഫ സിദാൻ (മുസ്തഫ സിക്കോ) നേടിയ ഗോൾ ‘വാർ’ പരിശോധനയിലൂടെ റഫറി നിഷേധിച്ചതാണ് പ്രധാന തർക്കങ്ങൾക്ക് കാരണമായത്. ഗോൾ നീക്കത്തിന്റെ തുടക്കത്തിൽ ഈജിപ്ഷ്യൻ താരം മർവാൻ അത്തിയ അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടിനെസിനെ ഫൗൾ ചെയ്തു എന്ന് ചൂണ്ടിക്കാണിച്ചാണ് ഗോൾ റദ്ദാക്കിയത്. എന്നാൽ, കളിക്കളത്തിലെ റഫറി നേരിട്ട് ഫൗൾ വിളിക്കാത്ത ഇത്രയും ചെറിയൊരു തട്ടിനെ മൈതാനത്തിന്റെ മറുതലയ്ക്കൽ ഗോൾ പിറന്നതിന് ശേഷം ‘വാർ’ ഇടപെട്ട് റദ്ദാക്കിയത് എന്തിനാണെന്ന് മുൻ ഇംഗ്ലണ്ട് താരം റോബ് ഗ്രീൻ ഉൾപ്പെടെയുള്ള പ്രമുഖ കായിക വിദഗ്ദ്ധർ ചോദ്യം ചെയ്തു. കളി അവസാനിക്കാറായ ഘട്ടത്തിൽ ഈജിപ്ഷ്യൻ താരം ഹംദി ഫതി പെനാൽറ്റി ബോക്സിൽ വീഴ്ത്തപ്പെട്ടിട്ടും പെനാൽറ്റി അനുവദിക്കാതിരുന്ന റഫറി, തൊട്ടുപിന്നാലെ 92-ാമത് മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ അർജന്റീനയ്ക്ക് വിജയഗോൾ നേടാൻ വഴിയൊരുക്കിയതും ഈജിപ്തിന്റെ കടുത്ത അമർഷത്തിന് കാരണമായി.
ഈജിപ്ത് കോച്ച് ഹൊസാം ഹസ്സനും നായകൻ മുഹമ്മദ് സലാഹും മത്സരശേഷം തങ്ങളുടെ കടുത്ത നിരാശ പരസ്യമാക്കിയിരുന്നു. പ്രീമിയർ ലീഗിലോ ലാ ലിഗയിലോ ആണെങ്കിൽ ഇത് തീർച്ചയായും ഗോളായി അനുവദിക്കപ്പെടുമായിരുന്നു എന്ന് മുൻ ലിവർപൂൾ താരം ജാമി കാരഗർ അഭിപ്രായപ്പെട്ടപ്പോൾ, അലൻ ഷിയറർ, ഇയാൻ റൈറ്റ് തുടങ്ങിയ പ്രമുഖരും റഫറിയുടെ ഇരട്ടത്താപ്പിനെ സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായി വിമർശിച്ചു. ഈ ‘വാർ’ തീരുമാനം കളിയിൽ വ്യക്തമായ അനീതിയാണ് ഉണ്ടാക്കിയതെന്നും സാങ്കേതികവിദ്യ സംശയങ്ങൾ തീർക്കുന്നതിന് പകരം കൂടുതൽ അസ്ഥിരതയാണ് സൃഷ്ടിച്ചതെന്നും സ്പോർട്സ് മേഖലയിലെ പ്രമുഖ വിദഗ്ദ്ധനായ പ്രൊഫസർ സൈമൺ ചാഡ്വിക് ചൂണ്ടിക്കാട്ടി. അതേസമയം, ഈജിപ്ത് സമർപ്പിച്ച ഔദ്യോഗിക പരാതിയെക്കുറിച്ച് പ്രതികരിക്കാൻ ഫിഫ ഇതുവരെ തയ്യാറായിട്ടില്ല.



