27.8 C
Saudi Arabia
Monday, February 23, 2026
spot_img

മണൽക്കാടിൽ നിന്ന് കറുത്ത കോട്ടിലേക്ക്: 60-ാം വയസ്സിൽ അഭിഭാഷകനായി ജുബൈലിന്റെ ഇബ്രാഹിം കുട്ടിക്ക

ജുബൈൽ: മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിന്റെ കഠിനാധ്വാനത്തിന് ശേഷം വിശ്രമജീവിതമല്ല, മറിച്ച് നിയമത്തിന്റെ പോരാട്ടവഴിയാണ് തനിക്ക് ചേരുന്നതെന്ന് തെളിയിച്ചിരിക്കുകയാണ് ആലുവ ചിറയം സ്വദേശി ഇബ്രാഹിം കുട്ടി. ജനുവരി 10-ന് കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തതോടെ, നിശ്ചയദാർഢ്യമുണ്ടെങ്കിൽ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് അദ്ദേഹം അടിവരയിടുന്നു.

സൗദി അറേബ്യയിലെ ജുബൈലിൽ ദീർഘകാലം പ്രവാസിയായിരുന്ന ഇബ്രാഹിം കുട്ടി, നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് നിയമപഠനമെന്ന മോഹം പ്രാവർത്തികമാക്കാൻ തീരുമാനിച്ചത്. എറണാകുളം പൂത്തോട്ട ശ്രീനാരായണ ലോ കോളേജിൽ നിന്ന് 60-ാം വയസ്സിലും വിദ്യയുടെ പുതുവസന്തം തന്നിൽ നിറയ്ക്കാൻ അവിടുത്തെ അധ്യാപകരും വീട്ടുകാരും , സുഹൃത്തുക്കലും സഹായിച്ചതായി അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു.

നിയമപഠനത്തിലെ സങ്കീർണ്ണമായ കടമ്പകൾ കടക്കാൻ സഹപാഠിയായ മാത്യുവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച എട്ടംഗ സ്റ്റഡി ഗ്രൂപ്പ് വലിയ പങ്കുവഹിച്ചു. പുരുഷോത്തമൻ, സുരേഷ് മേനോൻ, ബെനഡിക്ട്, ജയദേവൻ, ജയരാജ്, സോണി അച്ഛൻ എന്നിവരടങ്ങുന്ന കൂട്ടായ്മയിലെ ചർച്ചകളാണ് കഠിനമായ നിയമവിഷയങ്ങളെ ലളിതമാക്കി മാറ്റിയത്.നീതിപീഠത്തിന് മുന്നിൽ  കറുത്ത കോട്ട് അണിയാൻ സാധിച്ചത് കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിജയമായാണ് ഇബ്രാഹിം കുട്ടി കാണുന്നത്.

ജുബൈലിലെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവമായിരുന്ന ഇബ്രാഹിം കുട്ടി, പ്രവാസകാലത്ത് ജോലി ചെയ്യുന്നതിനിടയിൽ തന്നെ ഓൺലൈനായി എം.ബി.എ ബിരുദവും കരസ്ഥമാക്കിയിരുന്നു. ഗ്ലോബൽ മലയാളി കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സാജിതയാണ് ഭാര്യ.
മക്കളായ ഷിറാസ്, ഷാരൂഖ് എന്നിവർ സൗദിയിൽ എഞ്ചിനീയർമാരായി ജോലി ചെയ്യുന്നു. മൂന്നാമത്തെ മകൻ ഷെജിൻ അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്.

Related Articles

- Advertisement -spot_img

Latest Articles