വടകര: വടകരയിൽ താൻ ഫ്ലാറ്റ് വാങ്ങിയെന്ന സി.പി.എം പ്രചാരണങ്ങൾക്കെതിരെയും രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെത്തുടർന്നുള്ള വിമർശനങ്ങൾക്കെതിരെയും കടുത്ത ഭാഷയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം.പി. വടകരയിൽ വാടകയ്ക്കോ സ്വന്തമായോ ഒരു ഫ്ലാറ്റും താൻ വാങ്ങിയിട്ടില്ലെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി നേരിടാൻ കഴിയാത്തവർ പടച്ചുവിടുന്ന പച്ചക്കള്ളമാണിതെന്നും ഇത്തരം സൈബർ ആക്രമണങ്ങൾ കൊണ്ട് തന്നെ തളർത്താനാവില്ലെന്നും ഷാഫി വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കോൺഗ്രസിനെ വിമർശിക്കുന്നവർക്ക് മറുപടിയായി, ഉപദേശം നൽകുന്നവർ അത് സ്വന്തം പാർട്ടിക്ക് നൽകിയാൽ മതിയെന്നും അദ്ദേഹം തിരിച്ചടിച്ചു. സ്വന്തം പാർട്ടിയിലെ പീഡനാരോപിതരെയും പ്രതികളെയും സംരക്ഷിക്കുന്നവരാണ് ഇപ്പോൾ കോൺഗ്രസിന് ധാർമ്മികത ഉപദേശിക്കുന്നത്. രാഹുലിന്റെ കാര്യത്തിൽ സംഘടനയും പാർട്ടിയും വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ആരും പുറത്തുനിന്ന് ഉപദേശിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുകമറ സൃഷ്ടിച്ച് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഷാഫി പറമ്പിൽ വടകരയിൽ മാധ്യമങ്ങളോട് പറഞ്ഞു.



