21.8 C
Saudi Arabia
Saturday, March 28, 2026
spot_img

ഗാസ സമാധാന സമിതിയിൽ ഖത്തറും തുർക്കിയും; ട്രംപിന്റെ തീരുമാനത്തിനെതിരെ ഇസ്രായേൽ മാധ്യമങ്ങൾ

വാഷിംഗ്ടൺ: ഗാസയിലെ സമാധാന പുനഃസ്ഥാപനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ (Board of Peace) സമിതിയുടെ ഘടനയെച്ചൊല്ലി ഇസ്രായേൽ മാധ്യമങ്ങളിൽ പ്രതിഷേധം. സമിതിയിൽ ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയതാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്. ഇസ്രായേൽ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന രാജ്യങ്ങളെ സമാധാന സമിതിയിൽ ഉൾപ്പെടുത്തിയത് ശരിയല്ലെന്നാണ് ഇസ്രായേൽ മാധ്യമങ്ങളുടെ പ്രധാന വിമർശനം. ഗാസയുടെ ഭരണം, പുനർനിർമ്മാണം, നിക്ഷേപം തുടങ്ങിയ സുപ്രധാന കാര്യങ്ങളിൽ തീരുമാനമെടുക്കാനാണ് ഈ 20 ഇന പദ്ധതി രൂപീകരിച്ചിരിക്കുന്നത്.

മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്‌നർ, ഖത്തർ നയതന്ത്രജ്ഞൻ ഹസ്സൻ അലി തവാദി, തുർക്കി വിദേശകാര്യ മന്ത്രി ഹക്കൻ ഫിദാൻ തുടങ്ങി പന്ത്രണ്ടോളം പ്രമുഖരാണ് ഈ സമിതിയിലുള്ളത്. സയണിസ്റ്റ് വിരുദ്ധ നിലപാടുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തിയത് പ്രകോപനപരമാണെങ്കിലും, ഹമാസിനെ ചർച്ചകൾക്കും വെടിനിർത്തലിനും പ്രേരിപ്പിക്കാൻ ഖത്തറിനും തുർക്കിക്കും കഴിയുമെന്ന ട്രംപിന്റെ കണക്കുകൂട്ടലാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. സമിതി കഴിഞ്ഞ ദിവസം കൈറോയിൽ വെച്ച് ആദ്യ യോഗം ചേരുകയും ഫലസ്തീൻ കമ്മിറ്റികളുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഗാസയുടെ ഭാവി നിശ്ചയിക്കുന്നതിൽ ഈ സമിതി നിർണ്ണായക പങ്കുവഹിക്കുമെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന സൂചന.

 

 

Related Articles

- Advertisement -spot_img

Latest Articles