കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കൂടുതൽ ശക്തമാക്കുന്നു. കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് ഇ.ഡി വീണ്ടും സമൻസ് അയച്ചു. ഈ മാസം 29-ാം തീയതി കൊച്ചിയിലെ ഇ.ഡി സോണൽ ഓഫീസിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാണ് പുതിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വാരം കേസുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് മുന്നിൽ വീണ ആദ്യമായി ഹാജരാവുകയും ഏതാണ്ട് എട്ട് മണിക്കൂറോളം നീണ്ട വിശദമായ ചോദ്യം ചെയ്യലിന് വിധേയയാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തുടരന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ഹാജരാകാൻ കേന്ദ്ര അന്വേഷണ ഏജൻസി നോട്ടീസ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ തവണ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘എക്സാലോജിക് സൊല്യൂഷൻസ്’ എന്ന ഐ.ടി കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ ചില രേഖകൾ വീണ ഇ.ഡിക്ക് കൈമാറിയിരുന്നു. ഈ രേഖകളിൽ വ്യക്തത വരുത്തുന്നതിനും, സി.എം.ആർ.എല്ലിൽ നിന്നും എക്സാലോജിക് കമ്പനിക്ക് സേവനങ്ങളൊന്നും നൽകാതെ 2.78 കോടി രൂപ കൈപ്പറ്റിയെന്ന ആക്ഷേപത്തിൽ കൂടുതൽ ഡിജിറ്റൽ-ബാങ്ക് തെളിവുകൾ വിശകലനം ചെയ്യുന്നതിനുമാണ് ഇ.ഡി രണ്ടാമതും വീണയെ വിളിച്ചുവരുത്തുന്നത്. ഇതോടൊപ്പം, മറ്റൊരു കേന്ദ്ര അന്വേഷണ ഏജൻസിയായ എസ്.എഫ്.ഐ.ഒ ശേഖരിച്ച 134-ലധികം അനുബന്ധ രേഖകളും ഇ.ഡി കോടതി ഉത്തരവിലൂടെ സ്വന്തമാക്കിയിട്ടുണ്ട്. ഇവ മുൻനിർത്തിയാകും വരും ദിവസങ്ങളിലെ ചോദ്യം ചെയ്യൽ.
കേസിലെ മറ്റ് കക്ഷികളായ സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ മകൻ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്. സുരേഷ് കുമാർ എന്നിവരെയും കഴിഞ്ഞ ദിവസങ്ങളിൽ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇ.ഡിയുടെ അന്വേഷണ നടപടികൾക്കെതിരെ സി.എം.ആർ.എൽ കമ്പനി നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ അന്വേഷണ സംഘത്തിന് മുന്നിലുള്ള നിയമപരമായ തടസ്സങ്ങളെല്ലാം നീങ്ങിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സാമ്പത്തിക തെളിവുകളിലേക്ക് അന്വേഷണം നീങ്ങുമെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന സൂചന.



