തൃണമൂൽ വിമതരുടെ പരാതി: പാർട്ടിയുടെ 440 കോടി രൂപയുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടിയിലെ അധികാര തർക്കങ്ങളും സാമ്പത്തിക നിയന്ത്രണത്തെച്ചൊല്ലിയുള്ള ഭിന്നതകളും കടുത്തതോടെ, തൃണമൂൽ കോൺഗ്രസിന്റെ പേരിലുള്ള ഏതാണ്ട് 440 കോടി രൂപയുടെ നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ കൊൽക്കത്ത പോലീസ് മരവിപ്പിച്ചു. പാർട്ടിയിലെ വിമത എം.എ.എമാരും നേതാക്കളും നൽകിയ പരാതികളെത്തുടർന്ന് ബിധാനഗർ സൈബർ ക്രൈം പോലീസിന്റെ നിർദ്ദേശപ്രകാരമാണ് അക്കൗണ്ടുകളിലെ പണം പിൻവലിക്കുന്നത് തടഞ്ഞുകൊണ്ട് ‘ഡെബിറ്റ് ഫ്രീസ്’ ഏർപ്പെടുത്തിയത്. ഇതോടെ പാർട്ടിക്ക് തങ്ങളുടെ ഫണ്ടുകൾ ഉപയോഗിക്കാൻ കഴിയാത്ത വിധം വലിയ പ്രതിസന്ധിയാണ് നേരിട്ടിരിക്കുന്നത്.

പാർട്ടി ഫണ്ടിന്റെ സ്രോതസ്സിനെക്കുറിച്ച് അടിയന്തരമായി ക്രിമിനൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് റിതബ്രത ബാനർജിയുടെ ക്യാമ്പിലുള്ള 10 വിമത എം.എൽ.എമാർ പോലീസിനെ സമീപിച്ചതാണ് ഈ നാടകീയ നീക്കങ്ങൾക്ക് വഴിവെച്ചത്. ഈ അക്കൗണ്ടുകളിലേക്ക് വന്നിട്ടുള്ള വലിയ തുകകൾ അഴിമതിയിലൂടെയോ, വകമാറ്റിയ പൊതുഫണ്ടുകളിലൂടെയോ അല്ലെങ്കിൽ നിയമവിരുദ്ധമായ മറ്റ് ഇടപാടുകളിലൂടെയോ സമ്പാദിച്ചതാണോ എന്ന് കണ്ടെത്താൻ കൃത്യമായ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് വിമതർ പരാതിയിൽ ആവശ്യപ്പെടുന്നു. ഇതിന് തൊട്ടുമുമ്പ്, പാർട്ടിയിലെ നേതൃത്വ തർക്കം പരിഹരിക്കുന്നത് വരെ അക്കൗണ്ടുകൾ സംരക്ഷിക്കണമെന്നും മറ്റ് ട്രാൻസാക്ഷനുകൾ അനുവദിക്കരുതെന്നും കാണിച്ച് മുൻ തൃണമൂൽ ട്രഷററും മന്ത്രിയുമായിരുന്ന അരൂപ് ബിശ്വാസും ബാങ്കിന് കത്ത് നൽകിയിരുന്നു. മുൻനിര നേതാക്കൾ തന്നെ പാർട്ടി ഫണ്ടിനെതിരെ രംഗത്തുവന്നത് മമത ബാനർജിക്കും നേതൃത്വത്തിനും വലിയ രാഷ്ട്രീയ ആഘാതമായി മാറിയിരിക്കുകയാണ്.

അതേസമയം, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിയെക്കുറിച്ച് തങ്ങൾക്ക് വിവര ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കുകയാണെന്നുമാണ് മമത ക്യാമ്പിലുള്ള നേതാക്കളുടെ പ്രതികരണം. അരൂപ് ബിശ്വാസിന് നിലവിൽ പാർട്ടിയിൽ സാമ്പത്തിക കാര്യങ്ങൾ സംസാരിക്കാൻ യാതൊരു അധികാരവുമില്ലെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് വ്യക്തമാക്കി. കഴിഞ്ഞ ജൂൺ 5-ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സുഭാഷിഷ് ചക്രവർത്തിയെ പുതിയ ട്രഷററായി ഏകകണ്ഠമായി തെരഞ്ഞെടുത്തിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്സഭയിലെയും നിയമസഭയിലെയും വലിയൊരു വിഭാഗം ജനപ്രതിനിധികൾ വിമത ചേരിയിലാവുകയും നാഷണൽ സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ വഴി ബി.ജെ.പി സഖ്യത്തെ പിന്തുണയ്ക്കാൻ നീക്കം നടത്തുകയും ചെയ്യുന്നതിനിടയിലാണ് തൃണമൂലിനെ ഞെട്ടിച്ചുകൊണ്ട് ഈ സാമ്പത്തിക ഉപരോധം കൂടി വന്നിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles