ഇറാനിൽ പ്രക്ഷോഭം ലക്ഷ്യമിട്ട് സൈനിക നീക്കത്തിന് ട്രംപ്; സുരക്ഷാ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ആലോചന

ദുബൈ: ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ സുരക്ഷാ സേനയെയും ഉന്നത നേതാക്കളെയും ലക്ഷ്യമിട്ട് പരിമിതമായ സൈനിക ആക്രമണങ്ങൾ നടത്തുന്ന കാര്യം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്. ഈ മാസമാദ്യം നടന്ന പ്രതിഷേധങ്ങളെ ഇറാൻ സർക്കാർ അടിച്ചമർത്തിയ പശ്ചാത്തലത്തിൽ, അവിടെ ‘ഭരണമാറ്റം’ സാധ്യമാക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മിഡിൽ ഈസ്റ്റിലേക്ക് ഒരു വൻ സൈനിക വ്യൂഹത്തെ അയച്ചിട്ടുണ്ടെന്നും ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ മുൻപ് നടത്തിയതിനേക്കാൾ ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി.

എന്നാൽ അമേരിക്കയുടെ ഈ നീക്കം വലിയ ആശങ്കകൾക്ക് ഇടയാക്കുന്നുണ്ട്. വ്യോമാക്രമണം കൊണ്ട് മാത്രം ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാൻ സാധിക്കില്ലെന്നും ഇത്തരം ആക്രമണങ്ങൾ നിലവിലെ പ്രക്ഷോഭകാരികളെ കൂടുതൽ ദുർബലരാക്കാൻ മാത്രമേ സഹായിക്കൂ എന്നും ഇസ്രായേൽ, അറബ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. അതേസമയം, ഏത് തരത്തിലുള്ള സൈനിക വെല്ലുവിളിയെയും നേരിടാൻ രാജ്യം സജ്ജമാണെന്നും ഒപ്പം നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ടെന്നും ഇറാൻ അറിയിച്ചു. എന്നാൽ മര്യാദയില്ലാത്ത നിബന്ധനകളുമായി ചർച്ചയ്ക്കില്ലെന്നും തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ മുൻപെങ്ങുമില്ലാത്ത വിധം തിരിച്ചടിക്കുമെന്നും ഇറാൻ ഐക്യരാഷ്ട്രസഭയിൽ വ്യക്തമാക്കി. മേഖലയിൽ യുഎസ് വിമാനവാഹിനിക്കപ്പലുകൾ എത്തിയതോടെ സംഘർഷാവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles