കേരളത്തെ ലോക മാരിടൈം ഭൂപടത്തിലെ വൻ ശക്തിയാക്കാൻ ‘മിഷൻ സമുദ്ര’ പദ്ധതി; ബജറ്റിൽ 400 കോടി രൂപ വകയിരുത്തി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാനും സമുദ്ര വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ട് ‘മിഷൻ സമുദ്ര’ എന്ന സ്വപ്ന പദ്ധതി പ്രഖ്യാപിച്ച് യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ്. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിലാണ് കേരളത്തെ അടുത്ത അഞ്ച് വർഷത്തിനകം ലോക മാരിടൈം ഭൂപടത്തിലെ വൻ ശക്തിയാക്കി മാറ്റാനുള്ള ഈ വിപ്ലവകരമായ പദ്ധതി പ്രഖ്യാപിച്ചത്. കേരളത്തിന്റെ 600 കിലോമീറ്റർ നീളമുള്ള തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ, 17 നോൺ മേജർ തുറമുഖങ്ങൾ, മറ്റ് സമൃദ്ധമായ ജലസ്രോതസ്സുകൾ എന്നിവയെ പരസ്പരം സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 400 കോടി രൂപ നീക്കിവെച്ചു.

കേരളത്തെ ഒട്ടാകെ ഒരു വലിയ ‘തുറമുഖ നഗരമായി’ വിഭാവനം ചെയ്തുകൊണ്ട് റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാതകൾ, നിർമ്മാണ മേഖലകൾ, ഗ്രീൻഫീൽഡ് സിറ്റികൾ എന്നിവയെല്ലാം ഒന്നിപ്പിക്കുന്ന ഒരു ‘മാരിടൈം സമ്പദ്‌വ്യവസ്ഥ’ കെട്ടിപ്പടുക്കുകയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ വൻകിട-ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ച് ഘട്ടംഘട്ടമായിട്ടായിരിക്കും ജലഗതാഗത സംവിധാനം വികസിപ്പിക്കുക. ആദ്യഘട്ടത്തിൽ കാര്യക്ഷമമായ ചരക്ക് ഗതാഗതത്തിനും, തുടർന്ന് യാത്രാ സേവനങ്ങൾക്കും മുൻഗണന നൽകും. അവസാന ഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ പ്രധാന ജലാശയങ്ങളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഒരു ഏകീകൃത ഗതാഗത ശൃംഖല യാഥാർത്ഥ്യമാക്കും. സംസ്ഥാനം നേരിടുന്ന നിലവിലെ സാമ്പത്തിക പരാധീനതകളും ഘടനാപരമായ പ്രശ്നങ്ങളും പരമ്പരാഗത മാർഗ്ഗങ്ങളിലൂടെ മാത്രം പരിഹരിക്കാൻ കഴിയില്ലെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആധുനികവും നൂതനവുമായ മാർഗ്ഗങ്ങളിലൂടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും, വിവിധ മേഖലകളിൽ വൻകിട നിക്ഷേപങ്ങൾ ആകർഷിച്ച് ഖജനാവിലേക്ക് പണം സമാഹരിക്കുകയും, ആ സമ്പത്ത് ജനങ്ങളിലേക്ക് നീതിപൂർവ്വമായി വിതരണം ചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

കേരള മാരിടൈം പോളിസി രൂപീകരിക്കും
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി മാരിടൈം ടൂറിസം, ലോജിസ്റ്റിക്സ്, മാരിടൈം വ്യവസായം, മാരിടൈം നിയമ വിദ്യാഭ്യാസം, മാരിടൈം മ്യൂസിയം എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ ‘കേരള മാരിടൈം പോളിസി’ രൂപീകരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. സംസ്ഥാനത്തെ പ്രമുഖ നോൺ മേജർ തുറമുഖങ്ങളായ വിഴിഞ്ഞം, കോവളം, കൊല്ലം, ബേപ്പൂർ, അഴീക്കൽ എന്നിവയുടെ വികസനം ഇതിന്റെ ഭാഗമായി നടക്കും. കടൽ വഴിയുള്ള ചരക്ക് ഗതാഗതം മെച്ചപ്പെടുത്തുന്നതിനും, തുറമുഖാധിഷ്ഠിത വ്യവസായങ്ങൾക്കും, ലോജിസ്റ്റിക്സ്-കപ്പൽ അനുബന്ധ പ്രവർത്തനങ്ങൾക്കുമായി മറ്റ് 13 നോൺ മേജർ തുറമുഖങ്ങളിലെ ഭൂമി, കെട്ടിടങ്ങൾ, മറ്റ് ആസ്തികൾ എന്നിവ കാര്യക്ഷമമായി പ്രയോജനപ്പെടുത്തും.

വിഴിഞ്ഞം കേന്ദ്രീകരിച്ച് വൻ വികസനം
വിഴിഞ്ഞം ട്രാൻസ്ഷിപ്മെന്റ് ടെർമിനലിനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ചരക്കുനീക്കം വേഗത്തിലാക്കുന്നതിനുമായി ബാലരാമപുരം-വിഴിഞ്ഞം ഭൂഗർഭ റെയിൽപ്പാത, വിഴിഞ്ഞം-നാവാഴിക്കുളം ഔട്ടർ റിങ് റോഡ് എന്നീ പദ്ധതികൾക്കായി സ്ഥലമേറ്റെടുക്കലും നിർമ്മാണ പ്രവർത്തനങ്ങളും വേഗത്തിൽ പൂർത്തിയാക്കും. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് ചുറ്റുമായി നിർമ്മാണ മേഖലകൾ, സ്റ്റഫിംഗ് സെന്ററുകൾ, ഡ്രൈ പോർട്ട് എന്നിവ ആരംഭിക്കും. ആഗോള ഷിപ്പിങ് രംഗം ഹരിത ഇന്ധനങ്ങളിലേക്ക് മാറുന്ന പശ്ചാത്തലം മുതലെടുത്ത്, പരിസ്ഥിതി സൗഹൃദമായ ‘ഗ്രീൻ ബങ്കറിങ്’ സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയർത്തും. കൂടാതെ വലിയ മദർഷിപ്പുകളുടെ നിർമ്മാണവും അവയുടെ അറ്റകുറ്റപ്പണികളും ലക്ഷ്യമിട്ട് വിഴിഞ്ഞത്ത് പുതിയൊരു കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles