ജുബൈൽ : ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ സ്കൂൾ യൂണിഫോമിൽ മാറ്റം വരുത്താൻ സ്കൂൾ മാനേജ്‌മെന്റ് തീരുമാനിച്ചു. 2026-2027 അധ്യയന വർഷം മുതൽ ഈ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
നിലവിൽ, വ്യാഴാഴ്ചകളിൽ ധരിച്ചിരുന്ന വെള്ള യൂണിഫോമും വെള്ള ഷൂസും നിർത്തലാക്കിയതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. ഇതിനുപകരം എല്ലാ ദിവസങ്ങളിലും വിദ്യാർത്ഥികൾ സാധാരണ നീല യൂണിഫോം ധരിക്കേണ്ടതാണ്. വെള്ള സോക്സിന് പകരം ഇനി മുതൽ നേവി ബ്ലൂ സോക്സായിരിക്കും യൂണിഫോമിന്റെ ഭാഗം.
അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്ക് നീല യൂണിഫോമിനൊപ്പം വെള്ള വരകളുള്ള കടും നീല നിറത്തിലുള്ള സ്കൂൾ വെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സൗകര്യത്തിനനുസരിച്ച് വെള്ള ദുപ്പട്ടയോടു കൂടിയോ അല്ലാതെയോ ധരിക്കാവുന്നതാണ്. കായിക പരിശീലനമുള്ള ദിവസങ്ങളിൽ സ്കൂൾ നിർദ്ദേശിച്ചിട്ടുള്ള റോയൽ ബ്ലൂ ടീഷർട്ടും കറുത്ത ട്രാക്ക് പാന്റ്‌സും അല്ലെങ്കിൽ സാധാരണ യൂണിഫോമോ സൗകര്യപ്രദമായി ഉപയോഗിക്കാം.
എന്നാൽ കെ.ജി വിഭാഗത്തിലെ യൂണിഫോമുകളിൽ മാറ്റമില്ലെന്നും സ്കൂൾ അറിയിച്ചു. ശൈത്യകാലത്ത് ഓരോ വിഭാഗത്തിനും നിശ്ചയിച്ചിട്ടുള്ള നിറങ്ങളിലുള്ള സ്വെറ്ററോ ബ്ലേസറോ നിർബന്ധമാണ്, മറ്റ് നിറങ്ങളിലുള്ള ജാക്കറ്റുകൾ അനുവദനീയമല്ല. വിദ്യാർത്ഥികൾ കൃത്യമായ യൂണിഫോം ധരിച്ചാണ് സ്കൂളിലെത്തുന്നതെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്ന് പ്രിൻസിപ്പൽ ഡോ. നിഷ മധു അറിയിച്ചു.
രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഗുണകരമായ മാറ്റമാണിതെന്ന് സ്‌കൂളിലെ പരിഷ്‌കരിച്ച യൂണിഫോം രീതിയെ സ്വാഗതം ചെയ്തുകൊണ്ട് മാനേജ്‌മെന്റ് കമ്മറ്റി മുൻ അംഗം അബ്ദുൽ റഊഫ് അഭിപ്രായപ്പെട്ടു. വെള്ള പാന്റ്‌സ്, വെള്ള സോക്സ്, ഷൂസ് എന്നിവ വൃത്തിയായി സൂക്ഷിക്കുന്നതിൽ രക്ഷിതാക്കൾ അനുഭവിച്ചിരുന്ന വലിയൊരു പ്രയാസമാണ് പുതിയ മാറ്റത്തിലൂടെ ഇല്ലാതായത്. കോ-എഡ്യൂക്കേഷൻ സ്കൂളുകളിൽ മുതിർന്ന പെൺകുട്ടികൾക്ക് വെസ്റ്റ് ഉൾപ്പെടുത്തിയ രീതി കൂടുതൽ സൗകര്യപ്രദമാണെന്നും വിദ്യാർത്ഥി സൗഹൃദപരമായ ഇത്തരം മാറ്റങ്ങൾ കൊണ്ടുവന്ന പ്രിൻസിപ്പാളിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും അബ്ദുൽ റഊഫ് പറഞ്ഞു.



