വോട്ടുകൊള്ള ആരോപണത്തിൽ രാഷ്ട്രപതിക്ക് നിവേദനം നൽകി ‘ഇന്ത്യ’ സഖ്യം; തെളിവുകൾ ഹാജരാക്കാൻ നിർദേശം

ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളിൽ ഇ.വി.എമ്മിന് പകരം പഴയപടി ബാലറ്റ് പേപ്പർ രീതി പുനഃസ്ഥാപിക്കണമെന്നും വോട്ട് തിരിമറി ആരോപണങ്ങൾ മുൻനിർത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ‘ഇന്ത്യ’ സഖ്യം ഔദ്യോഗികമായി നിവേദനം നൽകി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ജമ്മു-കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സി.പി.എം നേതാവ് എം.എ. ബേബി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ഇ.ടി. മുഹമ്മദ് ബഷീർ, സുപ്രിയ സുലെ, മനോജ് ഝാ തുടങ്ങി പത്തംഗ പ്രതിനിധി സംഘമാണ് വെള്ളിയാഴ്ച രാത്രി 8 മണിക്ക് രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.

പ്രതിപക്ഷത്തിന്റെ പരാതികളും ആവശ്യങ്ങളും ക്ഷമയോടെ കേട്ട രാഷ്ട്രപതി, വിഷയം ഗൗരവമായി അന്വേഷിക്കാമെന്നും വോട്ടുകൊള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ കൈമാറാനും ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും മാധ്യമങ്ങളെ അറിയിച്ചു. തെളിവുകൾ ഉടൻ ശേഖരിച്ച് സമർപ്പിക്കുമെന്നും തിങ്കളാഴ്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കണ്ട് നേരിട്ട് നിവേദനം കൈമാറാൻ അനുമതി തേടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

നേരത്തെ, പാർലമെന്ററി സെൻട്രൽ ഹാളിൽ ചേർന്ന ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗത്തിന് ശേഷമാണ് എം.പിമാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയത്. എന്നാൽ പ്രതിനിധി സംഘത്തിലെ 10 പേർക്ക് മാത്രമാണ് പ്രവേശനമെന്ന് വ്യക്തമാക്കി മറ്റുള്ളവരെ വിജയ് ചൗക്കിൽ വെച്ച് പോലീസ് തടയുകയായിരുന്നു. തുടർന്ന് പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എ.എ. റഹീം, വി. ശിവദാസൻ തുടങ്ങിയ 150-ഓളം എം.പിമാർ പ്രതിനിധികൾ മടങ്ങിയെത്തുന്നത് വരെ പ്ലക്കാർഡുകളുമേന്തി പ്രദേശത്ത് പ്രതിഷേധ ധർണയിരുന്നു. സ്വാതന്ത്ര്യപ്പുലരിയിൽ ജവഹർലാൽ നെഹ്റു നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം ഉദ്ധരിച്ച് സംസാരിച്ച രാഹുൽ ഗാന്ധി, പ്രതിപക്ഷ ഐക്യവും ജനകീയ പ്രതിഷേധങ്ങളും കേന്ദ്ര സർക്കാറിന്റെ അടിത്തറ ഇളക്കിയിട്ടുണ്ടെന്ന് അവകാശപ്പെട്ടു. അതീവ സുരക്ഷാ മേഖലയായ ഇന്ത്യാഗേറ്റിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിഷയത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

Related Articles

- Advertisement -spot_img

Latest Articles