ന്യൂഡൽഹി: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം’ എന്ന് പുനർനാമകരണം ചെയ്യാൻ യോഗി ആദിത്യനാഥ് സർക്കാറിന്റെ തീരുമാനം. ഇതുസംബന്ധിച്ച നിർദേശത്തിന് സംസ്ഥാന മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നൽകിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ജേവാറിൽ ഇത്തരമൊരു വൻകിട അന്താരാഷ്ട്ര വിമാനത്താവള പദ്ധതി അനുവദിച്ചു നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉത്തർപ്രദേശ് മന്ത്രിസഭ നന്ദി രേഖപ്പെടുത്തി. ഉത്തർപ്രദേശിലെ ഏറ്റവും വലിയ വിമാനത്താവളവും രാജ്യത്തെ തന്നെ പ്രധാന വ്യോമയാന കേന്ദ്രങ്ങളിൽ ഒന്നുമായി ജേവാർ വിമാനത്താവളം മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വിസ് കമ്പനിയായ സൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ എ.ജിയുടെ ഉപസ്ഥാപനമായ യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡും നോയിഡ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും ചേർന്നാണ് 11,282 കോടി രൂപ നിർമാണച്ചെലവിൽ ഈ വിമാനത്താവളം യാഥാർത്ഥ്യമാക്കിയത്. കഴിഞ്ഞ മാർച്ച് 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിൽ ജൂൺ 15-നാണ് ലഖ്‌നൗവിൽ നിന്നുള്ള ഇൻഡിഗോ വിമാനം ആദ്യമായി ലാൻഡ് ചെയ്തത്. പ്രമുഖ അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് വഴിതുറന്ന പശ്ചാത്തലത്തിലാണ് വിമാനത്താവളത്തിന് പ്രധാനമന്ത്രിയുടെ പേര് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.



