ജിദ്ദ: ജിദ്ദ ഇന്ത്യൻ സ്കൂളിലും ട്രാൻസ്‌പോർട്ട് കമ്പനിയിലും ഫീസ് അടയ്ക്കാൻ വൈകുന്നവർക്കെതിരെ ചുമത്തുന്ന പ്രതിദിന പിഴ അടിയന്തരമായി പിൻവലിക്കണമെന്ന് ഇന്ത്യൻ ലോയേഴ്സ് ഫോറം ആവശ്യപ്പെട്ടു. ഫീസ് വൈകുന്ന ഓരോ ദിവസവും ഒരു റിയാലും അതിന്റെ വാറ്റും (VAT) പിഴയായി ഈടാക്കുന്നത് പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ജോലി സംബന്ധമായ പ്രശ്നങ്ങളാൽ ഫീസ് അടയ്ക്കാൻ താമസിക്കുന്ന നാല് കുട്ടികളുള്ള ഒരു സാധാരണ കുടുംബത്തിന്, ആറ് മാസത്തെ പിഴ തുക മാത്രം വലിയൊരു സംഖ്യയായി മാറുന്നത് ഇവർ ചൂണ്ടിക്കാട്ടി. അടുത്ത കാലത്തായി നടപ്പിലാക്കിയ ഈ പരിഷ്കാരം രക്ഷിതാക്കളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
രക്ഷിതാക്കളുടെ സംഘടന ഈ വിഷയത്തിൽ ഇടപെടാത്തതിൽ പൊതുജനത്തിനിടയിൽ വലിയ അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാൻ ലോയേഴ്സ് ഫോറം തീരുമാനിച്ചത്. സൗദി നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് അഡ്വ. ഷംസുദ്ദീൻ ഓലശ്ശേരി അറിയിച്ചു. ഫോറം ഭാരവാഹികളായ അഡ്വ. സുമേഷ്, അഡ്വ. ബഷീർ, അഡ്വ. അഷറഫ്, അഡ്വ. ഫിറോസ് എന്നിവരും യോഗത്തിൽ സംസാരിച്ചു. സാധാരണക്കാരായ പ്രവാസികളെ പിഴിഞ്ഞുള്ള ഈ പിഴ ശിക്ഷ പൂർണ്ണമായും ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സംഘടന.



