19.2 C
Saudi Arabia
Thursday, February 26, 2026
spot_img

വിമാന യാത്രക്കാർക്ക് ആശ്വാസം; ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ സൗജന്യമായി റദ്ദാക്കാം.

ന്യൂ ഡൽഹി: വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ടിക്കറ്റ് റീഫണ്ട് നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനുമായി നിർണായകമായ പരിഷ്കാരങ്ങൾ ഏർപ്പെടുത്തി രാജ്യത്തെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ.

പുതിയ നിയമമനുസരിച്ച്, വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ യാത്രക്കാർക്ക് യാതൊരുവിധ പിഴയും നൽകാതെ ടിക്കറ്റ് റദ്ദാക്കാനോ മാറ്റം വരുത്താനോ സാധിക്കും. ‘ലുക്ക്-ഇൻ ഓപ്ഷൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സംവിധാനം വഴി ടിക്കറ്റിലെ തിരുത്തലുകൾക്കും അധിക നിരക്ക് ഈടാക്കാൻ പാടില്ലെന്ന് വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ പിഴവുകൾക്കും വലിയ തുക ഈടാക്കുന്നു എന്ന പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് ഈ നടപടി. വിമാനക്കമ്പനികളുടെ വെബ്സൈറ്റുകൾ വഴി നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് പ്രധാനമായും ആനുകൂല്യം ലഭിക്കുക. ആഭ്യന്തര യാത്രക്കാർക്ക് യാത്രയ്ക്ക് 7 ദിവസം മുമ്പും അന്താരാഷ്ട്ര യാത്രക്കാർക്ക് 15 ദിവസം മുമ്പും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

ടിക്കറ്റ് മാറ്റം വരുത്തുമ്പോൾ പുതിയ ടിക്കറ്റ് നിരക്കിൽ വ്യത്യാസമുണ്ടെങ്കിൽ ആ തുക മാത്രം യാത്രക്കാരൻ നൽകിയാൽ മതിയാകും. ഇതിനുപുറമെ, ടിക്കറ്റിലെ പേരുവിവരങ്ങളിൽ തെറ്റുകൾ സംഭവിക്കുകയാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ അത് സൗജന്യമായി തിരുത്താനും അനുവാദമുണ്ട്.

ടിക്കറ്റ് റീഫണ്ട് നൽകുന്ന കാര്യത്തിലും പുതിയ നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നുണ്ട്. ട്രാവൽ ഏജന്റുകൾ വഴിയോ മറ്റ് പോർട്ടലുകൾ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്തവരാണെങ്കിൽ പോലും യാത്രക്കാർക്ക് പണം തിരികെ നൽകേണ്ട ഉത്തരവാദിത്തം അതത് വിമാനക്കമ്പനികൾക്കായിരിക്കും. ഏജന്റുമാരെ പഴിചാരി റീഫണ്ട് വൈകിപ്പിക്കാൻ പാടില്ലെന്നും 14 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നും ഡിജിസിഎ വ്യക്തമാക്കി.

ടിക്കറ്റ് തുക റീഫണ്ട് ലഭിക്കാത്ത സാഹചര്യങ്ങളിലും എയർപോർട്ട് ഡെവലപ്‌മെന്റ് ഫീ ഉൾപ്പെടെയുള്ള നികുതികൾ യാത്രക്കാരന് തിരികെ നൽകേണ്ടതുണ്ട്. മെഡിക്കൽ എമർജൻസി പോലുള്ള സാഹചര്യങ്ങളിൽ ടിക്കറ്റ് റദ്ദാക്കേണ്ടി വരുമ്പോഴും യാത്രക്കാർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് പുതിയ ചട്ടം വ്യവസ്ഥ ചെയ്യുന്നു. ഈ മാറ്റങ്ങൾ വരും ദിവസങ്ങളിൽ തന്നെ പ്രാബല്യത്തിൽ വരും.

Related Articles

- Advertisement -spot_img

Latest Articles