ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റിനെച്ചൊല്ലിയുള്ള തർക്കം കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്ക് കാരണമാകുന്നു. യു.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ആലപ്പുഴ ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടൊപ്പം ഡി.സി.സി ഭാരവാഹികളടക്കമുള്ള പ്രാദേശിക നേതാക്കൾ കൂട്ടരാജിയും സമർപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഗോപകുമാർ, കർഷകസമിതി നേതാവ് ജോൺ പി. ടിറ്റോ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ബി. രഘു, ഡി.സി.സി അംഗം ലാലിച്ചൻ പള്ളിവാതുക്കൽ, നോർത്ത് ബ്ലോക്ക് പ്രസിഡന്റ് നോബിൻ ടി. ജോൺ എന്നിവരാണ് പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചത്. മങ്കൊമ്പിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അതീവ വികാരാധീനനായാണ് സജി ജോസഫ് തന്റെ നിലപാട് വ്യക്തമാക്കിയത്.
കേരള കോൺഗ്രസ് (ജോസഫ്) സ്ഥാനാർത്ഥിയായി റെജി ചെറിയാനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സജി ജോസഫ് കലാപക്കൊടി ഉയർത്തിയത്. കോൺഗ്രസ് പ്രസ്ഥാനത്തെയോ നേതാക്കളെയോ കുറ്റം പറയാൻ തനിക്ക് കഴിയില്ലെന്ന് പറഞ്ഞ് വാർത്താസമ്മേളനത്തിനിടെ അദ്ദേഹം പൊട്ടിക്കരഞ്ഞു. എന്നാൽ കുട്ടനാട്ടിലെ ജനങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാനാണ് താൻ സ്വതന്ത്രനായി ജനവിധി തേടുന്നതെന്നും കഴിഞ്ഞകാലത്തെ തെറ്റുകൾ ജനങ്ങൾ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ നേതാക്കളുടെ കൂട്ടരാജിയും സജി ജോസഫിന്റെ വിമത സ്ഥാനാർത്ഥിത്വവും കുട്ടനാട് മണ്ഡലത്തിൽ യു.ഡി.എഫിന്റെ വിജയസാധ്യതകളെ സാരമായി ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.



