അങ്കാറ/ അബുദാബി: അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ കരാറിനെ അട്ടിമറിക്കാൻ സാധ്യതയുള്ള പ്രകോപനങ്ങൾക്കും അട്ടിമറി നീക്കങ്ങൾക്കുമെതിരെ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ ജാഗ്രതാനിർദ്ദേശം നൽകി. കഴിഞ്ഞ 40 ദിവസമായി ലോകം നേരിടുന്ന കടുത്ത യുദ്ധസമാന സാഹചര്യങ്ങൾക്കും ദുരിതങ്ങൾക്കും ശേഷം ലഭിച്ച ഈ രണ്ടാഴ്ചത്തെ സമയം ഒരു ശാശ്വത സമാധാന കരാറിലെത്താൻ ഉപയോഗിക്കണമെന്ന് അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ ആവശ്യപ്പെട്ടു. സമാധാന നീക്കങ്ങൾ യാതൊരു കാരണവശാലും തടസ്സപ്പെടരുതെന്നും ഇതിനായി തുർക്കിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, യുദ്ധക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാനായി മരുന്നുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമായി മൂന്ന് ട്രക്കുകൾ തുർക്കി ഇറാനിലേക്ക് അയച്ചതായി ആരോഗ്യ മന്ത്രി കെമാൽ മെമിസോഗ്ലു അറിയിച്ചു.
അതേസമയം, യുദ്ധവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്തിയതിനും സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും അബുദാബിയിൽ 375 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യക്കാരായ ഇവരെ തന്ത്രപ്രധാനമായ സ്ഥലങ്ങൾ ചിത്രീകരിച്ചതിനും നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തിയതിനുമാണ് പിടികൂടിയത്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അബുദാബി പോലീസ് നിർദ്ദേശിച്ചു. പിടിയിലായവരെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മേഖലയിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.



