ജിദ്ദ: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി ഇന്ത്യയിൽ നിന്നുള്ള ആദ്യ തീർത്ഥാടക സംഘം ഏപ്രിൽ 18-ന് സൗദി അറേബ്യയിലെത്തും. മുംബൈയിൽ നിന്നുള്ള ആദ്യ വിമാനം മദീനയിലാണ് വന്നിറങ്ങുക. ഓരോ വിമാനത്തിലും ഏകദേശം 400 ഹാജിമാർ എന്ന നിലയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ ആദ്യ വിമാനം ഏപ്രിൽ 30-ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് ജിദ്ദയിലെത്തും. ഇത്തവണ ഹജ്ജ് കമ്മിറ്റി വഴി 1,22,580 പേരും സ്വകാര്യ ഗ്രൂപ്പുകൾ വഴി 52,000 പേരും ഉൾപ്പെടെ ആകെ 1,74,580 തീർത്ഥാടകരാണ് ഇന്ത്യയിൽ നിന്ന് എത്തുന്നത്. ഇതിൽ പുരുഷ അകമ്പടിയില്ലാത്ത (മഹറം) 5,300 വനിതാ തീർത്ഥാടകരും ഉൾപ്പെടുന്നു. ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം ജൂൺ 2 മുതലായിരിക്കും ഹാജിമാരുടെ മടക്കയാത്ര ആരംഭിക്കുക.
ഹാജിമാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന നൽകിക്കൊണ്ട് വിപുലമായ സജ്ജീകരണങ്ങളാണ് ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയിരിക്കുന്നത്. തീർത്ഥാടകരുടെ താമസസ്ഥലങ്ങളിൽ സുരക്ഷ കണക്കിലെടുത്ത് പാചകവാതകം അനുവദിക്കില്ലെന്നും പകരം അംഗീകൃത കമ്പനികൾ വഴി ഭക്ഷണം വിതരണം ചെയ്യുമെന്നും ജിദ്ദയിൽ നടന്ന വാർത്താസമ്മേളനത്തിൽ അധികൃതർ വ്യക്തമാക്കി. മദീന സിയാറത്തിനായി എത്തുന്ന ഹാജിമാരിൽ പകുതിപേർക്ക് അതിവേഗ ട്രെയിനായ ഹറമൈൻ എക്സ്പ്രസ്സിലും ബാക്കിയുള്ളവർക്ക് ബസിലും യാത്രാ സൗകര്യം നൽകും. ആരോഗ്യ പരിരക്ഷയ്ക്കായി മക്ക, മദീന, മിന, അസീസിയ എന്നിവിടങ്ങളിൽ ക്ലിനിക്കുകളും ആശുപത്രികളും സജ്ജമാണ്. 350-ലധികം ഡോക്ടർമാരടങ്ങിയ വിദഗ്ധ സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
ഇത്തവണത്തെ ഹജ്ജിന്റെ ഏറ്റവും വലിയ സവിശേഷത ‘ഹജ്ജ് സുവിധ’ സ്മാർട്ട് വാച്ചുകളാണ്. ലക്ഷക്കണക്കിന് ഹാജിമാർക്കിടയിൽ ആരെങ്കിലും വഴിതെറ്റിയാൽ അവരെ വേഗത്തിൽ കണ്ടെത്താൻ ഈ ഡിജിറ്റൽ സംവിധാനം സഹായിക്കും. ഹാജിമാരുടെ ഹൃദയമിടിപ്പ് ഉൾപ്പെടെയുള്ള ആരോഗ്യ വിവരങ്ങൾ നിരീക്ഷിക്കാനും അടിയന്തര സാഹചര്യങ്ങളിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാൻ എസ്.ഒ.എസ് (SOS) ബട്ടൺ ഉപയോഗിക്കാനും ഇതിലൂടെ സാധിക്കും. ഐ.ഒ.ടി സിം കാർഡ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ വാച്ചുകളിൽ പ്രാർത്ഥനാ സമയങ്ങളും കാലാവസ്ഥാ വിവരങ്ങളും ലഭ്യമാകും. ഇന്ത്യൻ ന്യൂനപക്ഷ മന്ത്രാലയം ജോയിന്റ് സെക്രട്ടറി രാംസിംഗ്, ഹജ്ജ് കമ്മിറ്റി സി.ഇ.ഒ ഷാനവാസ്, കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി തുടങ്ങിയ പ്രമുഖർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



