ന്യൂഡൽഹി: തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകളോടും’ ‘പരജീവികളോടും’ ഉപമിച്ച സുപ്രീം കോടതി ജഡ്ജിയുടെ വിവാദ പരാമർശത്തിനെതിരെ രാജ്യത്തെ ഡിജിറ്റൽ തലമുറയുടെ വേറിട്ട പ്രതിഷേധം. സുപ്രീം കോടതിയിൽ ഒരു കേസ് പരിഗണിക്കുന്നതിനിടെയാണ്, ജോലിയില്ലാത്ത ചില യുവാക്കൾ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളായും വിവരാവകാശ പ്രവർത്തകരായും മാറി സിസ്റ്റത്തെ മുഴുവൻ ആക്രമിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചത്. ഇത്തരം കൂട്ടർ സമൂഹത്തിലെ പരജീവികളാണെന്ന ജഡ്ജിയുടെ പരാമർശം വലിയ ജനരോഷത്തിന് വഴിവെക്കുകയായിരുന്നു. രാജ്യത്തെ നിലവിലെ തൊഴിലില്ലായ്മയെയും യുവാക്കളുടെ നിസ്സഹായാവസ്ഥയെയും പരിഹസിക്കുന്നതാണ് പരമോന്നത കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഈ വാക്കുകളെന്ന വിമർശനം ശക്തമായി.
എന്നാൽ സാധാരണ രീതിയിലുള്ള തെരുവ് പ്രതിഷേധങ്ങൾക്ക് പകരം ഡിജിറ്റൽ സറ്റയർ (പരിഹാസം) ആയുധമാക്കിയാണ് ഇന്ത്യൻ യുവാക്കൾ ഇതിനോട് പ്രതികരിച്ചത്. ജഡ്ജി തങ്ങളെ ‘പാറ്റകൾ’ എന്ന് വിളിച്ച് ആക്ഷേപിച്ചെങ്കിൽ ആ പേര് അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് യുവാക്കൾ സോഷ്യൽ മീഡിയയിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) എന്ന പേരിൽ ഒരു വെർച്വൽ കൂട്ടായ്മ രൂപീകരിച്ചു. സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റുകളുടെ നേതൃത്വത്തിൽ തുടങ്ങിയ ഈ പേജ് വെറും അഞ്ച് ദിവസങ്ങൾക്കുള്ളിൽ ഒരു കോടിയിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കി ഇൻസ്റ്റാഗ്രാമിൽ പുതിയ ചരിത്രം കുറിച്ചു. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക പേജുകളെപ്പോലും ഫോളോവേഴ്സിന്റെ എണ്ണത്തിൽ പിന്നിലാക്കിയാണ് ഈ ‘ടീം കോക്രോച്ച്’ മുന്നേറുന്നത്.
സിസ്റ്റം അത്രമേൽ അഴുക്കായതുകൊണ്ടാണ് പാറ്റകൾക്ക് പുറത്തുവരേണ്ടി വന്നതെന്ന ശക്തമായ രാഷ്ട്രീയ സന്ദേശമാണ് ഈ ട്രോൾ കാമ്പെയ്നിലൂടെ യുവാക്കൾ മുന്നോട്ട് വെക്കുന്നത്. തൊഴിലില്ലാത്തവരും സോഷ്യൽ മീഡിയയിൽ സജീവമായവരുമായ ഏതൊരാൾക്കും ഈ ഡിജിറ്റൽ പാർട്ടിയിൽ അംഗമാകാമെന്ന പരിഹാസ രൂപേണയുള്ള നിബന്ധനയും കാമ്പെയ്ൻ വേഗത്തിൽ വൈറലാകാൻ കാരണമായി. പ്രമുഖ രാഷ്ട്രീയ നേതാക്കൾ അടക്കം നിരവധി പേരാണ് യുവാക്കളുടെ ഈ വേറിട്ട പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. അതേസമയം, സംഭവം വലിയ വിവാദമായതോടെ എല്ലാ യുവാക്കളെയും ഉദ്ദേശിച്ചല്ല താൻ അത് പറഞ്ഞതെന്നും, വ്യാജ ബിരുദങ്ങൾ കാണിച്ച് നിയമസംവിധാനത്തെ ചൂഷണം ചെയ്യുന്ന ചിലരെക്കുറിച്ചാണ് സംസാരിച്ചതെന്നും വ്യക്തമാക്കി കോടതിക്ക് പിന്നീട് വിശദീകരണം നൽകേണ്ടി വന്നു.



