ഹജ്ജ് ഒരുക്കങ്ങൾ ഊർജ്ജിതം; ഇറാൻ, ഇന്തോനേഷ്യ, ഈജിപ്ത് പ്രതിനിധികളുമായി സൗദി ആഭ്യന്തര മന്ത്രി ചർച്ച നടത്തി

ജിദ്ദ/റിയാദ്: വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ തീർത്ഥാടന ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സൗദി ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് പ്രമുഖ വിദേശ രാജ്യങ്ങളിലെ ഉന്നത പ്രതിനിധികളുമായി ജദ്ദയിൽ വെച്ച് പ്രത്യേക കൂടിക്കാഴ്ചകൾ നടത്തി. വ്യാഴാഴ്ച നടന്ന ചർച്ചകളിൽ ഇറാന്റെ ഹജ്ജ് ആൻഡ് പിൽഗ്രിമേജ് ഓർഗനൈസേഷൻ തലവൻ അലിറേസ റഷീദിയൻ, ഇന്തോനേഷ്യൻ ഹജ്ജ്-ഉംറ മന്ത്രി മുഹമ്മദ് ഇർഫാൻ യൂസഫ് എന്നിവരുമായി അദ്ദേഹം വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തി. ലോകമെമ്പാടുമുള്ള തീർത്ഥാടകർക്ക് സുരക്ഷിതമായും സമാധാനപരമായും ഹജ്ജ് ചടങ്ങുകൾ നിർവഹിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പ്രതിജ്ഞാബദ്ധരാണെന്ന് പ്രിൻസ് അബ്ദുൽ അസീസ് കൂടിക്കാഴ്ചയിൽ ആവർത്തിച്ചു. സൗദിയിലെയും ഇന്തോനേഷ്യയിലെയും മന്ത്രിമാർ ഹജ്ജ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സഹകരണവും ഏകോപനവും അവലോകനം ചെയ്യുകയും പരസ്പര താല്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

ഈജിപ്തിന്റെ ഹജ്ജ് കാര്യ ഓഫീസ് മേധാവി അഷ്റഫ് അബ്ദുൽ മുത്വിയുമായും സൗദി ആഭ്യന്തര മന്ത്രി ചർച്ച നടത്തി. ഈജിപ്തിൽ നിന്നുള്ള തീർത്ഥാടകരെ സ്വാഗതം ചെയ്ത അദ്ദേഹം, അവർക്ക് ഏറ്റവും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി. ഹജ്ജ് ഒരുക്കങ്ങളിൽ സൗദി ഭരണകൂടം നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ അഷ്റഫ് അബ്ദുൽ മുത്വി പ്രശംസിച്ചു. ഇത്തവണ ഈജിപ്തിന് 90,000 തീർത്ഥാടകരുടെ ക്വാട്ടയാണ് അനുവദിച്ചിരിക്കുന്നത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ഹജ്ജ് ക്വാട്ടയുള്ള രാജ്യമായി ഇന്തോനേഷ്യ തുടരുകയാണ്; 2,21,000 തീർത്ഥാടകരാണ് ഇത്തവണ ഇന്തോനേഷ്യയിൽ നിന്നും എത്തുന്നത്. ഇതിൽ 2,03,000-ലധികം സാധാരണ തീർത്ഥാടകരും 18,000-ത്തോളം പ്രത്യേക വിഭാഗത്തിൽപെട്ടവരും ഉൾപ്പെടുന്നുവെന്ന് സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ നുസുക് മസാർ പ്ലാറ്റ്‌ഫോം വ്യക്തമാക്കുന്നു. തീർത്ഥാടകരെ എത്തിക്കുന്നതിനായി 548 പ്രത്യേക വിമാന സർവീസുകളാണ് ഇന്തോനേഷ്യ സജ്ജമാക്കിയിരിക്കുന്നത്.

അതേസമയം, ഇറാന് ഇത്തവണ 87,550 തീർത്ഥാടകരുടെ ക്വാട്ടയാണ് അനുവദിച്ചിട്ടുള്ളതെങ്കിലും, ഔദ്യോഗിക കണക്കുകൾ പ്രകാരം അനുവദിച്ച ക്വാട്ടയുടെ മൂന്നിലൊന്ന് ഭാഗം മാത്രമേ ഇത്തവണ ഉപയോഗപ്പെടുത്തുന്നുള്ളൂ. എയർ ആക്‌സസ് പുനഃസ്ഥാപിച്ചതിനെത്തുടർന്ന് സൗദി അറേബ്യയുടെ ക്രൗഡ് മാനേജ്‌മെന്റ് നിയമങ്ങൾക്ക് വിധേയമായി 30,000 ഓളം ഇറാനിയൻ തീർത്ഥാടകർ നേരിട്ടുള്ള വിമാനങ്ങളിൽ രാജ്യത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 76,000 ഇറാൻ പൗരന്മാരായിരുന്നു ഹജ്ജ് നിർവ്വഹിക്കാനായി സൗദിയിൽ എത്തിയിരുന്നത്. തീർത്ഥാടകർക്കായി സൗദി ഭരണകൂടം ഒരുക്കിയിട്ടുള്ള വിപുലമായ സജ്ജീകരണങ്ങൾക്കും സേവനങ്ങൾക്കും ഇറാൻ പ്രതിനിധി അലിറേസ റഷീദിയൻ നന്ദി അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles