മുംബൈ: മുംബൈ ബാന്ദ്ര ഈസ്റ്റിലെ ഗരീബ് നഗർ ചേരി പ്രദേശത്ത് റെയിൽവേ അധികൃതർ നടത്തിയ കൂട്ട കുടിയൊഴിപ്പിക്കൽ നടപടികൾക്ക് പിന്നാലെ വൻ സംഘർഷം. പ്രദേശത്തെ ഒരു പള്ളിയും നൂറുകണക്കിന് വീടുകളും അധികൃതർ പൊളിച്ചുനീക്കിയതാണ് ജനരോഷത്തിന് കാരണമായത്. ബോംബെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ചയാണ് വൻതോതിലുള്ള ഈ കയ്യേറ്റമൊഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. ബാന്ദ്ര റെയിൽവേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തുള്ള 500ഓളം അനധികൃത കുടിലുകളാണ് അധികൃതർ ഇടിച്ച് നിരത്തിയത്. നിലവിൽ പ്രദേശത്തെ 60 ശതമാനത്തോളം അനധികൃത നിർമാണങ്ങളും നീക്കം ചെയ്തതായി പശ്ചിമ റെയിൽവേ ചീഫ് പി.ആർ.ഒ വിനീത് അഭിഷേക് അറിയിച്ചു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്), ഗവൺമെന്റ് റെയിൽവേ പൊലീസ് (ജി.ആർ.പി) എന്നിവർക്ക് പുറമെ നഗരത്തിലെ 400 ഓളം പൊലീസുകാർ ഉൾപ്പെടെ ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വിന്യസിച്ചിരുന്നത്.
ബുധനാഴ്ച, റെയിൽവേ ഭൂമി കൈയേറി നിർമിച്ചതാണെന്ന് ആരോപിച്ച് പ്രദേശത്തെ മൂന്ന് നിലകളുള്ള പള്ളിക്ക് നേരെ അധികൃതർ നടപടി തുടങ്ങിയതോടെയാണ് പ്രതിഷേധം കനത്തത്. പള്ളിയും അതിനോട് ചേർന്നുള്ള മറ്റ് ഘടനകളും അധികൃതർ പൂർണ്ണമായി പൊളിച്ചുനീക്കുകയായിരുന്നു. മുൻകൂട്ടി യാതൊരുവിധ നോട്ടീസോ ഔദ്യോഗിക അറിയിപ്പോ നൽകാതെയാണ് ഈ വൻ നടപടിയെന്ന് ആരോപിച്ച് സ്ത്രീകളടക്കം വൻതോതിൽ മുസ്ലിം ജനവിഭാഗങ്ങൾ സംഭവസ്ഥലത്ത് തടിച്ചുകൂടി പ്രതിഷേധിച്ചു. തുടർന്ന് പ്രതിഷേധക്കാർക്ക് നേരെ മുംബൈ പൊലീസ് ക്രൂരമായ ലാത്തിച്ചാർജ് നടത്തുകയായിരുന്നു. കല്ലേറുണ്ടായതിനെ തുടർന്നാണ് നടപടിയുണ്ടായതെന്ന് നിർമൽ നഗർ പൊലീസ് ഇൻസ്പെക്ടർ രമേശ് വാഗ് അവകാശപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, കുടിയൊഴിപ്പിക്കലിന്റെയും ലാത്തിച്ചാർജിന്റെയും ഭാഗമായി പ്രായമായവരെപ്പോലും പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് വ്യക്തമാക്കുന്ന വീഡിയോകൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുതിർന്ന ഒരു സ്ത്രീയുടെ തലയ്ക്ക് പൊലീസ് അടിക്കുന്ന ദൃശ്യങ്ങൾ പോലീസിന്റെ അതിക്രമത്തിനും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനും തെളിവാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രദേശത്ത് ഇപ്പോഴും കനത്ത സുരക്ഷ തുടരുകയാണ്.



