ഇ.കെ. നായനാർ അനുസ്മരണം സമുചിതമായി ആചരിച്ച് കേളി കലാസാംസ്കാരിക വേദി

റിയാദ്: ദീർഘകാലം കേരള മുഖ്യമന്ത്രിയായും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗമായും മികച്ച സംഘാടകനായും പത്രപ്രവർത്തകനായും പ്രവർത്തിച്ച ഇ.കെ. നായനാരുടെ ഓർമ്മ പുതുക്കി കേളി കലാസാംസ്കാരിക വേദി. റിയാദ് കേന്ദ്രീകരിച്ച് രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്തയിലെ അൽ യാസ്മിൻ ഓഡിറ്റോറിയത്തിലും, ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദവാദ്മിയിലെ കേളി ഓഫീസിലുമാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്. റിയാദിലെ അനുസ്മരണയോഗത്തിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.

ദേശാഭിമാനി ഗൾഫ് ലേഖകനും രക്ഷാധികാരി കമ്മിറ്റി അംഗവുമായ ഷമീർ കുന്നുമ്മൽ മുഖ്യപ്രഭാഷണം നടത്തി. പ്രതിസന്ധികളെ തരണം ചെയ്യാൻ പഠിപ്പിച്ച നേതാക്കളിൽ പ്രധാനിയാണ് നായനാരെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ നിന്നും അന്യം നിന്ന ജാതി മത ശക്തികളുടെ ഭരണതലത്തിലെ ഇടപെടലും, ദളിതർക്ക് നേരെയുള്ള പോലീസ് അതിക്രമവും, ഭരണമാറ്റം ആരുടെ താത്പര്യമാണ് സംരക്ഷിക്കാൻ പോകുന്നതെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളായി ഭരണമാറ്റത്തിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ജനതയ്ക്ക് കാട്ടി കൊടുത്തുവെന്നും, ലൈഫ് മിഷൻ പോലുള്ള പാവങ്ങൾക്ക് അത്താണിയാകുന്ന പദ്ധതികൾ നിർത്തലാകുന്നതിലൂടെയും, കെ റെയിൽ നിർത്തലാക്കുന്നതിലൂടെ ഭാവി തലമുറയുടെ വികസന സ്വപ്നത്തിന് നേരെയുള്ള തടയിടലും, നവകേരളം കെട്ടിപ്പടുക്കുന്നതിൽ നിന്നുള്ള പിൻമാറ്റമാണ് കാണാൻ കഴിയുന്നതെന്നും അഭിപ്രായപ്പെട്ടു.

രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ജോസഫ് ഷാജി, സീബ കൂവോട്, പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി സുനിൽ കുമാർ, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, കേളി മാധ്യമവിഭാഗം കൺവീനർ പ്രദീപ് ആറ്റിങ്ങൽ, ചില്ല കോർഡിനേറ്റർ സുരേഷ് ലാൽ എന്നിവർ സഖാവ് നായനാരുടെ ഓർമ്മകൾ പങ്കുവെച്ചു സംസാരിച്ചു. ദവാദ്മി ഏരിയയിലെ അനുസ്മരണ പരിപാടിയിൽ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി ഷാജി പ്ലാവിളയിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം പ്രഭാകരൻ കണ്ടോന്താർ മുഖ്യപ്രഭാഷണം നടത്തി. ഏരിയ ട്രഷറർ മുജീബ് അനുസ്മരണകുറിപ്പ് അവതരിപ്പിച്ചു.

കേളി ട്രഷറർ മധു ബാലുശ്ശേരി, ജോയിന്റ് ട്രഷറർ സിംനേഷ് വയനാൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് പാലത്ത്, ദവാദ്മി ഏരിയ പ്രസിഡന്റ് രാജേഷ്, സനയ്യ യൂണിറ്റ് അംഗം സജീർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതവും, ഏരിയ രക്ഷാധികാരി സമിതി അംഗം മുഹമ്മദ് റാഫി നന്ദിയും രേഖപ്പെടുത്തി.

 

Related Articles

- Advertisement -spot_img

Latest Articles