കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബക്രീദ് പ്രമാണിച്ചുള്ള ഔദ്യോഗിക അവധി ദിവസങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് പുതിയ ബി.ജെ.പി സർക്കാർ. മുൻപ് ഭരണത്തിലിരുന്ന തൃണമൂൽ കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയിരുന്ന രണ്ട് ദിവസത്തെ പൊതുഅവധി ഒറ്റ ദിവസമാക്കി ചുരുക്കിക്കൊണ്ട് സംസ്ഥാന ധനകാര്യ വകുപ്പ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന 2026-ലെ ഔദ്യോഗിക അവധി കലണ്ടർ ഭാഗികമായി പരിഷ്കരിച്ചാണ് സർക്കാർ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ ബക്രീദിന് തൊട്ടുതലേന്നുള്ള ദിവസവും ഉൾപ്പെടെ തുടർച്ചയായ രണ്ട് ദിവസത്തെ അവധിയാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനുവദിച്ചിരുന്നത്. എന്നാൽ പുതിയ ഉത്തരവ് നിലവിൽ വന്നതോടെ ബക്രീദിന്റെ തലേദിവസം സാധാരണ പ്രവൃത്തിദിനമായിരിക്കും. ഈ ദിവസം എല്ലാ സർക്കാർ ഓഫീസുകളും കോർപ്പറേഷനുകളും നിയമപരമായ സ്ഥാപനങ്ങളും പൂർണ്ണതോതിൽ പ്രവർത്തിക്കണമെന്നും ധനവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അവധി കലണ്ടറിന് അനുസൃതമായി സംസ്ഥാനത്തെ അവധി ദിവസങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ബി.ജെ.പി സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ, സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും വിവിധ ന്യൂനപക്ഷ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ മതപരമായ അവകാശങ്ങൾക്കും സാംസ്കാരിക വൈവിധ്യങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണ് ഈ നടപടിയെന്ന് അവർ ആരോപിച്ചു. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന നയത്തിന്റെ ഭാഗമായാണ് മമത ബാനർജി സർക്കാർ മുൻപ് രണ്ട് ദിവസത്തെ അവധി നൽകിയിരുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഭരണം മാറിയതിന് പിന്നാലെ കന്നുകാലി കശാപ്പ് നിരോധന നിയമം കർശനമാക്കിക്കൊണ്ട് ബി.ജെ.പി സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ ബക്രീദ് അവധിയും വെട്ടിച്ചുരുക്കിയിരിക്കുന്നത്. ഇത് ഒരു പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യംവെച്ചുള്ള ബോധപൂർവ്വമായ രാഷ്ട്രീയ നീക്കമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം, സർക്കാർ കൊണ്ടുവന്ന കന്നുകാലി കശാപ്പ് നിയമത്തിനെതിരെ ന്യൂനപക്ഷങ്ങൾക്കൊപ്പം ഹിന്ദുക്കളായ വ്യാപാരികൾ അടക്കമുള്ളവർ രംഗത്തെത്തിയത് ഭരണകൂടത്തിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഭരണം മാറിയതിന് പിന്നാലെ ബംഗാളിന്റെ പരമ്പരാഗത സാംസ്കാരിക-രാഷ്ട്രീയ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾക്കും തർക്കങ്ങൾക്കും തുടക്കമിടുന്നതാണ് സർക്കാരിന്റെ പുതിയ തീരുമാനങ്ങൾ.



