കണ്ണൂർ : ഏറെ ചർച്ച ചെയ്യപ്പെട്ട എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി. ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ അസാധാരണ നടപടി. കേസ് വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള പ്രതിഭാഗത്തിന്റെ തന്ത്രങ്ങൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ് തലശ്ശേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി റൂബി കെ. ജോസ് പ്രതികളെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. വിചാരണ നിലവിലെ കോടതിയിൽ നിന്നും മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കേസ് മാറ്റുന്നതുവരെ സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാൻ പ്രതിഭാഗം അഭിഭാഷകർ ഇന്ന് തയ്യാറായില്ല. അഭിഭാഷകരുടെ ഈ തീരുമാനം തന്നെയാണോ തങ്ങൾക്കുമുള്ളതെന്ന് കോടതി നേരിട്ട് ചോദിച്ചപ്പോൾ പ്രതികൾ ‘അതെ’ എന്ന് മറുപടി നൽകി. ഇതോടെ, കോടതി നടപടികൾ മനഃപൂർവ്വം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കിയ ജഡ്ജി, പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്ന് വിചാരണ നേരിടട്ടെ എന്ന് ഉത്തരവിടുകയായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് തലശ്ശേരി കോടതിയിൽ ഷുഹൈബ് വധക്കേസിന്റെ വിചാരണ ഔദ്യോഗികമായി ആരംഭിച്ചത്. കൊലപാതകം നടക്കുമ്പോൾ ഷുഹൈബിനൊപ്പമുണ്ടാവുകയും അക്രമികളിൽ നിന്നും മാരകമായി പരിക്കേൽക്കുകയും ചെയ്ത ഒന്നാം സാക്ഷി ഇ. റിയാസിനെയാണ് കോടതി കഴിഞ്ഞ ദിവസങ്ങളിൽ വിസ്തരിച്ചത്. വിസ്താരത്തിനിടെ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളെ റിയാസ് കോടതിയിൽ വെച്ച് കൃത്യമായി തിരിച്ചറിഞ്ഞിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മാരകായുധങ്ങളുമായി എത്തിയ സംഘം ഷുഹൈബിനെ വെട്ടിവീഴ്ത്തുകയായിരുന്നു എന്നായിരുന്നു റിയാസിന്റെ നിർണായക മൊഴി. കേസിൽ ജൂൺ 14 വരെ സാക്ഷിവിസ്താരം തുടരാനാണ് കോടതി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രതികളുടെ ജാമ്യം റദ്ദാക്കപ്പെട്ടതോടെ വിചാരണ നടപടികൾ ഇനി വേഗത്തിലാകുമെന്നാണ് സൂചന.
2018 ഫെബ്രുവരി 12-ന് രാത്രി പത്തരയോടെയാണ് കണ്ണൂർ എടയന്നൂർ തെരൂരിലെ തട്ടുകടയിൽ വെച്ച് ഷുഹൈബിനെ ഒരു സംഘം രാഷ്ട്രീയപ്പകയുടെ പേരിൽ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ ആദ്യം കുറ്റപത്രം സമർപ്പിച്ചപ്പോൾ ആകാശ് തില്ലങ്കേരി ഉൾപ്പെടെ സി.പി.എം പ്രവർത്തകരും അനുഭാവികളുമായ 11 പേരായിരുന്നു പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. പിന്നീട് മധുസൂദനൻ നായാട്ടിന്റെ നേതൃത്വത്തിൽ നടന്ന തുടരന്വേഷണത്തിലാണ് ഗൂഢാലോചനയിൽ പങ്കാളികളായ ആറ് പ്രതികളെക്കൂടി ഉൾപ്പെടുത്തി അന്വേഷണസംഘം സപ്ലിമെന്ററി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രതികൾക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും ജാമ്യത്തിൽ തുടരുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്നും പ്രോസിക്യൂഷൻ നേരത്തെയും കോടതിയിൽ വാദിച്ചിരുന്നു.



