തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ആനുപാതിക സീറ്റ് വർധനവ് അനുവദിച്ചും താൽക്കാലിക ബാച്ചുകൾ നിലനിർത്തിയും സർക്കാർ ഉത്തരവായി. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം വരെ അനുവദിച്ച 314 താൽക്കാലിക ബാച്ചുകളിൽ 313 എണ്ണവും ഷിഫ്റ്റ് ചെയ്ത 38 ബാച്ചുകളും ഈ വർഷവും തുടരാനാണ് തീരുമാനം. വിവിധ ജില്ലകളിലെ സീറ്റ് വർധനവ് സംബന്ധിച്ചും കൃത്യമായ മാനദണ്ഡങ്ങൾ ഉത്തരവിൽ നിഷ്കർഷിക്കുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും സീറ്റുകൾ വർധിപ്പിച്ചു.
കൂടാതെ, കൊല്ലം, തൃശൂർ ജില്ലകൾ, അമ്പലപ്പുഴ, ചേർത്തല താലൂക്കുകൾ, എറണാകുളത്തെ കോതമംഗലം, മൂവാറ്റുപുഴ ഒഴികെയുള്ള അഞ്ച് താലൂക്കുകൾ എന്നിവിടങ്ങളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം വീതം സീറ്റ് വർധനവ് അനുവദിച്ചിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം 30 ശതമാനം സീറ്റ് വർധനവ് ലഭിക്കുന്ന ബാച്ചുകളിൽ 65 കുട്ടികൾക്കും, 20 ശതമാനം വർധനവ് ലഭിക്കുന്ന ബാച്ചുകളിൽ 60 കുട്ടികൾക്കും പ്രവേശനം നൽകാം. ഇത്തരത്തിൽ താൽക്കാലിക ബാച്ചുകളും സീറ്റ് വർധനവും ഉൾപ്പെടെ അൺ എയ്ഡഡ് സ്കൂളുകൾ കൂടി ചേർത്ത് സംസ്ഥാനത്ത് മൊത്തം 4,39,184 പ്ലസ് വൺ സീറ്റുകൾ ലഭ്യമാകുമെന്ന് സർക്കാർ അറിയിച്ചു.



