ചെന്നൈ: ബക്രീദ് ആഘോഷവേളകളിൽ പൊതുസ്ഥലങ്ങളിൽ കന്നുകാലി കശാപ്പ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ അപ്രതീക്ഷിതവും ചരിത്രപരവുമായ വിധി പുറപ്പെടുവിച്ച് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടിലുടനീളം ഗോവധം പൂർണ്ണമായി നിരോധിച്ചുകൊണ്ടാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ബക്രീദ് ദിനത്തിൽ മാത്രമല്ല, ഇനി മുതൽ എല്ലാ ദിവസവും സംസ്ഥാനത്ത് ഗോവധം പാടില്ലെന്ന് വ്യക്തമാക്കിയ കോടതി, ഈ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ തമിഴ്‌നാട് ചീഫ് സെക്രട്ടറിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും നേരിട്ട് നിർദ്ദേശം നൽകി.
വിധിന്യായത്തിൽ പശുവിന്റെ മതപരവും ചരിത്രപരവുമായ പ്രാധാന്യത്തെക്കുറിച്ച് കോടതി വിശദമായി പ്രതിപാദിക്കുന്നുണ്ട്. ശ്രീകൃഷ്ണന്റെ കാലം മുതൽ ഭാരതത്തിൽ പശുവിനെ ആരാധിച്ചുവരുന്ന കാര്യവും, മുൻപ് ഇന്ത്യ ഭരിച്ചിരുന്ന പല മുസ്ലിം രാജാക്കന്മാരും ഗോവധം നിരോധിച്ചിരുന്ന ചരിത്രവും കോടതി വിധിയിൽ ഉദ്ധരിക്കുന്നു. പശുക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നിലപാടുകളും ഭരണഘടനാ നിർമ്മാണ സഭയിൽ നടന്ന ചർച്ചകളും ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ തന്റെ വിധിന്യായത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടി.
ഹർജിക്കാരൻ പോലും ആവശ്യപ്പെടാത്ത രീതിയിലുള്ള ഈ വിധി നിയമവൃത്തങ്ങളെയും വലിയ രീതിയിൽ അമ്പരപ്പിച്ചിരിക്കുകയാണ്. അംഗീകൃത കശാപ്പുശാലകൾക്ക് പുറത്ത് വഴിയരികിലോ തുറസ്സായ പൊതുസ്ഥലങ്ങളിലോ കന്നുകാലികളെ കശാപ്പ് ചെയ്യാൻ അനുവദിക്കരുതെന്നായിരുന്നു ഹിന്ദു മക്കൾ കക്ഷി നേതാവ് നൽകിയ ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ, ഈ ആവശ്യത്തെ മറികടന്ന് സംസ്ഥാനത്ത് പൂർണ്ണമായ ഗോവധ നിരോധനം ഏർപ്പെടുത്തിയുള്ള കോടതിയുടെ അന്തിമ ഉത്തരവ് ഇപ്പോൾ വലിയ നിയമ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.



