കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിലടക്കം പന്ത്രണ്ടിടങ്ങളിൽ നടത്തിയ റെയ്ഡിന് പിന്നാലെ, മകൾ ടി. വീണയുടെ എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിപ്പിച്ചു. ഒന്നര ലക്ഷം രൂപയുണ്ടായിരുന്ന അക്കൗണ്ടാണ് താൽക്കാലികമായി മരവിപ്പിച്ചത്. റെയ്ഡിന്റെ ഭാഗമായി സംസ്ഥാനത്താകെ 242 അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപയാണ് ഇ.ഡി മരവിപ്പിച്ചിരിക്കുന്നത്. പരിശോധനയിൽ ബാങ്ക് സ്ഥിര നിക്ഷേപ രേഖകൾ, ഡിജിറ്റൽ തെളിവുകൾ, അക്കൗണ്ട് വിവരങ്ങൾ എന്നിവ പിടിച്ചെടുത്തതായി ഇ.ഡി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പിടിച്ചെടുത്ത രേഖകൾ വിശദമായി പരിശോധിച്ച ശേഷം വീണയെ കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
പുലർച്ചെ ആറ് മണിയോടെ ആരംഭിച്ച പരിശോധന തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടക വസതിയിൽ എട്ടര മണിക്കൂറോളം നീണ്ടുനിന്നു. കണ്ണൂരിലെയും കോഴിക്കോട്ടെയും പരിശോധനകളിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥർ രേഖാമൂലം എഴുതി നൽകി. എങ്കിലും, തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് ബാങ്ക് നിക്ഷേപങ്ങളുടെ രേഖകൾ സംഘം കണ്ടെത്തിയിട്ടുണ്ട്. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ എക്സാലോജിക് കമ്പനിക്ക് സി.എം.ആർ.എൽ നൽകിയ ഒരു കോടി 72 ലക്ഷം രൂപയുടെ പേമെന്റിനെ സംബന്ധിച്ച വ്യക്തതയാണ് അന്വേഷണ സംഘം പ്രധാനമായും തേടുന്നത്. ഇതിന്റെ കരാർ രേഖകളും സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കാനാണ് ശ്രമം. പരിശോധനയ്ക്കിടെ വീണയുടെ മൊഴിയും ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്.
സി.എം.ആർ.എല്ലിൽ നിന്ന് പണം കൈപ്പറ്റിയ മറ്റുള്ളവരെ കുറിച്ചും അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് പുറത്തുവന്ന പട്ടികയിൽ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ്, ഉമ്മൻചാണ്ടി തുടങ്ങിയവരുടെ പേരുകൾ ഉൾപ്പെട്ടിരുന്നു. എന്നാൽ, പട്ടികയിലുള്ള ‘പി.വി’ എന്നത് താനല്ലെന്ന് പിണറായി വിജയൻ മുൻപ് വ്യക്തമാക്കിയിരുന്നു. റെയ്ഡിന് പിന്നാലെ പ്രവർത്തകരെ നേരിൽ കണ്ട പിണറായി വിജയൻ, ഇ.ഡിയുടെ നടപടികളെ ഒന്നിച്ച് നേരിടാമെന്ന് ആഹ്വാനം ചെയ്തു. സംഘപരിവാറിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് മുൻ മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂർത്തിയാക്കുന്ന മുറയ്ക്ക് കേസിൽ കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് ഇ.ഡിയുടെ തീരുമാനം.



