പിണറായി വിജയനെതിരായ കേന്ദ്ര ഏജൻസികളുടെ നടപടി രാഷ്ട്രീയ പ്രേരിതം; കേളി

റിയാദ്: സിപിഐഎം പോളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ ഇഡിയെ ഉപയോഗിച്ചുള്ള രാഷ്ട്രീയ നടപടികൾക്കെതിരെ കേളി കലാ സാംസ്കാരിക വേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടന്നതെന്ന് കേളി പ്രസ്താവനയിൽ ആരോപിച്ചു. ഇത്തരം നടപടികളിലൂടെ പിണറായി വിജയനെയോ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയോ ഇടതുപക്ഷത്തെയോ തകർക്കാമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വ്യാമോഹിക്കേണ്ടതില്ലെന്നും, കഴിഞ്ഞ ഏതാനും വർഷങ്ങളായി രാഷ്ട്രീയ പ്രതിയോഗികളെ ദുർബലപ്പെടുത്തുന്നതിനായി കേന്ദ്ര ഏജൻസികളെ ആയുധവത്കരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ നയസമീപനമെന്നും പ്രസ്താവനയിൽ പറഞ്ഞു.

കോൺഗ്രസിന്റെ എല്ലാവിധ സഹായ സഹകരണത്തോടെയുമാണ് ബിജെപി പിണറായി വിജയനെ ലക്ഷ്യമിടുന്നതെന്ന കാര്യത്തിൽ തർക്കമില്ലെന്നും, അതിനായാണ് രാഹുൽ ഗാന്ധി നിരന്തരം കേരളത്തിൽ വന്ന് “എന്തുകൊണ്ട് പിണറായി വിജയനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നില്ല” എന്ന് ചോദിച്ച് പ്രസംഗിച്ചതെന്നും കേളി ആരോപിച്ചു. മുഖ്യ മന്ത്രി വിഡി സതീശൻ പ്രധാനമന്ത്രിയെയും കേന്ദ്ര മന്ത്രിമാരെയും സന്ദർശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ നടപടികൾ ഉണ്ടായതെന്നും, അതും ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.

അടിയന്തരാവസ്ഥാ കാലം മുതൽ പിണറായി വിജയന് നേരെ നടന്ന രാഷ്ട്രീയ പകപോക്കലുകളുടെ പുതിയ പതിപ്പാണ് ഈ റെയ്ഡെന്നും, അദ്ദേഹത്തെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ കോൺഗ്രസും ബി.ജെ.പിയും മാറിമാറി ശ്രമിച്ചിട്ടുണ്ടെന്നും കേളി ആരോപിച്ചു. അതേസമയം, ഇന്നത്തെ റെയ്ഡിന് ആസ്പദമായ സംഭവവുമായി ബന്ധപ്പെട്ട് കുറ്റസമ്മതം നടത്തിയ രണ്ടുപേർ ഇന്ന് സംസ്ഥാന മന്ത്രിസഭയിൽ അംഗങ്ങളാണെന്നതും ഇതിലെ ഇരട്ടത്താപ്പ് വെളിവാക്കുന്നതാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഇതൊരു രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായ നടപടിയാണെന്നും, ഇഡി ഇതുവരെ എടുത്ത കേസുകളിൽ ഒരു ശതമാനത്തോളം മാത്രമാണ് ശിക്ഷ ലഭിച്ചിട്ടുള്ളതെന്ന വസ്തുത ഈ രാഷ്ട്രീയ നീക്കങ്ങളുടെ സ്വഭാവം വ്യക്തമാക്കുന്നതാണെന്നും കേളി അഭിപ്രായപ്പെട്ടു. കേരളത്തിലെ കോൺഗ്രസ് സർക്കാരിന്റെ പിന്തുണയോടെയുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ ഇത്തരം നടപടികൾ അനുവദിച്ചുകൂടായെന്നും പ്രസ്താവനയിൽ പറഞ്ഞു.

സിപിഐഎം നേതാക്കളായ ഡോക്ടർ തോമസ് ഐസക്, എസി മൊയ്‌ദീൻ എന്നിവർക്ക് നേരെ ഉണ്ടായ ഇഡിയുടെ നടപടികളിൽ പാർട്ടി ശക്തമായ പ്രതിരോധം ഉയർത്തിയതിനെ കേരള ജനത കണ്ടറിഞ്ഞതാണെന്നും, കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുമ്പോൾ ബിജെപി പാളയത്തിൽ അഭയം തേടുന്ന കോൺഗ്രസ് നേതാക്കളെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടതെന്നും കേളി ആരോപിച്ചു.

പിണറായി വിജയന് നേരെയുള്ള ഈ നടപടിയെ പാർട്ടിക്കെതിരായ ആക്രമണമായാണ് കേളി കാണുന്നതെന്നും, സംഘപരിവാറിന് അനുകൂല നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വം വൈകാതെ രാഷ്ട്രീയമായി തിരിച്ചടി നേരിടേണ്ടി വരുമെന്നും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles