തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെയും തൈരിന്റെയും പുതുക്കിയ വില വർധന തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ലിറ്ററിന് നാല് രൂപയാണ് വർധിച്ചിരിക്കുന്നത്; ഇതോടെ സാധാരണയായി ഉപയോഗിക്കുന്ന ഒരു ലിറ്ററിന്റെ നീല കവർ പാലിന്റെ വില 56 രൂപയായി ഉയർന്നു. തൈരിന് ലിറ്ററിന് 10 രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. വർധിപ്പിച്ച തുകയിൽ 3 രൂപ 35 പൈസ (83.75 ശതമാനം) ക്ഷീരകർഷകർക്കും, 25 പൈസ (6.25 ശതമാനം) ക്ഷീര സഹകരണ സംഘങ്ങൾക്കും ലഭിക്കും. ഇതോടെ കർഷകരിൽ നിന്ന് സംഭരിക്കുന്ന ഒരു ലിറ്ററിന് നൽകേണ്ട തുക 40.04 രൂപയിൽ നിന്നും 43.39 രൂപയായി വർധിച്ചു. ഇതിനു മുൻപ് 2022 ഡിസംബർ ഒന്നിനാണ് മിൽമ ലിറ്ററിന് 6 രൂപ നിരക്കിൽ വില വർധിപ്പിച്ചത്.
ഉൽപാദനച്ചെലവ് കൂടിയതും കർഷകരുടെ വരുമാനം കുറഞ്ഞതുമാണ് വില വർധിപ്പിക്കാൻ മിൽമ ഫെഡറേഷൻ ബോർഡ് യോഗത്തെ പ്രേരിപ്പിച്ചത്. ഇന്ധന വിലക്കയറ്റവും ഗൾഫ് മേഖലയിലെ പ്രതിസന്ധികളും കാരണം പാലിന്റെയും ഉൽപ്പന്നങ്ങളുടെയും ഗതാഗതം, വിതരണം, പാക്കേജിങ് ചെലവുകൾ കുത്തനെ ഉയർന്നതായും മിൽമ വ്യക്തമാക്കി.
വിവിധ ഇനങ്ങളുടെ പുതുക്കിയ വിലവിവരങ്ങൾ താഴെ നൽകുന്നു:
മിൽമ ഉൽപ്പന്നം അളവ് / പാക്കറ്റ് പുതുക്കിയ വില
മിൽമ സ്മാർട്ട് (ഡബിൾ ടോൺഡ്) 500 എം.എൽ 27 രൂപ
മിൽമ ചോയ്സ് (ടോൺഡ് മിൽക്ക്) 500 എം.എൽ 27 രൂപ
മിൽമ ചോയ്സ് (ടോൺഡ് മിൽക്ക്) 5000 എം.എൽ 270 രൂപ
ഹോമോജെനൈസ്ഡ് ടോൺഡ് മിൽക്ക് 500 എം.എൽ 28 രൂപ
ഹോമോജെനൈസ്ഡ് ടോൺഡ് മിൽക്ക് 515 എം.എൽ 30 രൂപ
ഹോമോജെനൈസ്ഡ് ടോൺഡ് മിൽക്ക് 1 ലിറ്റർ 56 രൂപ
മിൽമ പ്രൈഡ് (ഹോമോജെനൈസ്ഡ്) 500 എം.എൽ 30 രൂപ
മിൽമ പ്രൈഡ് (ഹോമോജെനൈസ്ഡ്) 1 ലിറ്റർ 60 രൂപ
മിൽമ റിച്ച് സ്റ്റാൻഡഡൈസ്ഡ് (നോൺ ഹോമോജെനൈസ്ഡ്) 500 എം.എൽ 30 രൂപ
മിൽമ റിച്ച് സ്റ്റാൻഡഡൈസ്ഡ് (ഹോമോജെനൈസ്ഡ്) 500 എം.എൽ 32 രൂപ
പാസ്ചറൈസ്ഡ് ഹോമോജെനൈസ്ഡ് കൗ മിൽക്ക് (ബോട്ടിൽ) 750 എം.എൽ 60 രൂപ
കൗ മിൽക്ക് (ബോട്ടിൽ) 1 ലിറ്റർ 75 രൂപ
സൂപ്പർ റിച്ച് (സ്റ്റാൻഡഡൈസ്ഡ് എച്ച്.എം) 1 ലിറ്റർ 65 രൂപ
തൈര് ക്ലാസിക് 525 ഗ്രാം 40 രൂപ
തൈര് എലൈറ്റ് 500 ഗ്രാം 45 രൂപ



