കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ കുറ്റക്കാരായ രണ്ട് പോലീസുകാർക്കെതിരെ കടുത്ത അച്ചടക്ക നടപടി. കണ്ണൂർ ടൗൺ എസ്.ഐ രഞ്ജീവ്, എ.എസ്.ഐ ബിനു കൃഷ്ണൻ എന്നിവരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ഉത്തരമേഖല ഡി.ഐ.ജി യതീഷ് ചന്ദ്രയാണ് പോലീസുകാരെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച സംഭവത്തിലാണ് ഇപ്പോൾ പോലീസുകാർക്കെതിരെ അടിയന്തര വകുപ്പുതല നടപടിയുണ്ടായിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി കണ്ണൂർ എസ്.എൻ പാർക്കിന് സമീപത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കണ്ണൂർ മണ്ഡലം പ്രസിഡന്റും കോർപറേഷൻ മുൻ കൗൺസിലറുമായ ആർ. രഞ്ജിത്തിനാണ് പോലീസിൽ നിന്നും ക്രൂരമായ മർദനമേറ്റത്. “നിന്നെ കൊല്ലുമെടാ” എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു പോലീസുകാർ തന്നെ അതിക്രൂരമായി മർദിച്ചതെന്ന് ആർ. രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഇടപെട്ടതുകൊണ്ടാണ് തന്റെ ജീവൻ രക്ഷപ്പെട്ടതെന്നും, തന്നെ രക്ഷിക്കാൻ ശ്രമിച്ചവർക്ക് നേരെയും പോലീസിന്റെ ഭാഗത്തുനിന്ന് മർദനശ്രമമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം ഇന്നലെ പ്രതികരിച്ചിരുന്നു.



