കേന്ദ്രമന്ത്രിക്കെതിരെ നീക്കം ശക്തമാക്കി കോക്രോച്ച് ജനതാ പാർട്ടി; ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കാൻ ഏഴ് ദിവസത്തെ അന്ത്യശാസനം

ന്യൂഡൽഹി: നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെതിരായ പ്രതിഷേധം കടുപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടി. ഏഴ് ദിവസത്തിനകം ധർമ്മേന്ദ്ര പ്രധാനെ മന്ത്രിസ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് പാർട്ടി കേന്ദ്ര സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനകം അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ജന്തർ മന്ദറിൽ അരങ്ങേറിയ വൻ ജനകീയ പ്രതിഷേധം വെറുമൊരു ‘ട്രെയിലർ’ മാത്രമാണെന്നും, തങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ അടിയന്തര നടപടിയെടുക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ പ്രക്ഷോഭം രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും വ്യാപിപ്പിക്കുമെന്നും സി.ജെ.പി വക്താവ് അശുതോഷ് രങ്ക വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ അഞ്ച് മണിക്കകം മന്ത്രി പദവിയിൽ നിന്ന് നീക്കണമെന്നായിരുന്നു പാർട്ടി സ്ഥാപക നേതാവ് അഭിജീത് ദിപ്‌കെ നേരത്തെ കടുത്ത ഭാഷയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, സർക്കാർ തലത്തിൽ നടപടി സ്വീകരിക്കുന്നതിനായുള്ള സമയപരിധി തങ്ങൾ ഏഴ് ദിവസത്തേക്ക് കൂടി നീട്ടിനൽകുകയാണെന്ന് അശുതോഷ് രങ്ക പ്രതികരിച്ചു. ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയോട് ചെറിയ തോതിലെങ്കിലും ആദരവുണ്ടെങ്കിൽ ധർമ്മേന്ദ്ര പ്രധാൻ സ്വയം രാജിവെക്കാൻ തയ്യാറാവണമെന്നും, അതിന് അദ്ദേഹം കൂട്ടാക്കുന്നില്ലെങ്കിൽ മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കാനുള്ള ആർജ്ജവം പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളും യുവാക്കളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ അണിനിരന്ന ജന്തർ മന്ദറിലെ ഈ സമാധാനപരമായ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രശസ്ത പരിസ്ഥിതി-സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകും ഇന്നലെ പ്രതിഷേധപ്പന്തലിൽ എത്തിയിരുന്നു. ബോസ്റ്റണിൽ ഉപരിപഠനം നടത്തുന്ന പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ അമേരിക്കയിൽ നിന്നും ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതിന് തൊട്ടുപിന്നാലെ, പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ജന്തർ മന്ദറിലെ ഈ വിപുലമായ പ്രതിഷേധ പരിപാടിക്ക് ഡൽഹി പോലീസ് ഔദ്യോഗികമായി അനുമതി നൽകിയത്

Related Articles

- Advertisement -spot_img

Latest Articles