യു.എസ് ആക്രമണത്തെ ശക്തമായി അപലപിച്ച് ഇറാൻ; വെടിനിർത്തൽ കരാറിന്റെ ലംഘനമെന്ന് ടെഹ്‌റാൻ

ടെഹ്‌റാൻ: ദക്ഷിണ ഇറാനിലെ റഡാർ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ സൈനിക ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയം. വാഷിങ്ടണും ടെഹ്‌റാനും തമ്മിൽ നിലവിലുണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ കരാറിന്റെ ‘നഗ്നമായ ലംഘനമാണ്’ ഈ ആക്രമണമെന്ന് ഇറാൻ ആരോപിച്ചു. ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇറാൻ തങ്ങളുടെ കടുത്ത വിയോജിപ്പ് വ്യക്തമാക്കിയത്. ഇറാന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സ്ഥാപിച്ചിട്ടുള്ള സിരിക് ഖേഷ്മ് ദ്വീപ് എന്നീ പ്രദേശങ്ങളിലെ തന്ത്രപ്രധാനമായ പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു യു.എസ് സൈന്യത്തിന്റെ ആക്രമണം. എന്നാൽ, ഹോർമുസ് കടലിടുക്കിന് നേരെ ഇറാൻ ഡ്രോണുകൾ വിക്ഷേപിച്ചതിനെത്തുടർന്ന്, ഉണ്ടായേക്കാവുന്ന വലിയ സമുദ്ര ആക്രമണങ്ങളിൽ നിന്നുള്ള സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് തങ്ങൾ റഡാർ നിരീക്ഷണ കേന്ദ്രങ്ങൾക്ക് നേരെ പ്രത്യാക്രമണം നടത്തിയതെന്നാണ് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്.

ഈ സൈനിക ആക്രമണം ഏപ്രിൽ 8-ന് ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്നും, ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും മേൽ നടന്നിട്ടുള്ള നേരിട്ടുള്ള സൈനിക അധിനിവേശമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ വാഷിങ്ടണ് യാതൊരുവിധ താല്പര്യവുമില്ലെന്നാണ് ഈ പുതിയ നീക്കങ്ങൾ സൂചിപ്പിക്കുന്നത്. ഇറാനോട് അമേരിക്ക തുടർച്ചയായി കാണിക്കുന്ന ശത്രുതാപരവും പ്രകോപനപരവുമായ പെരുമാറ്റത്തിന്റെ ഭാഗം കൂടിയാണിത്. എന്നാൽ യു.എസിന്റെ ഈ അപ്രതീക്ഷിത ആക്രമണങ്ങൾക്ക് ഇറാന്റെ സായുധ സേന അതീവ ജാഗ്രതയോടെയും ദൃഢനിശ്ചയത്തോടെയും കൃത്യമായ അളവിലും മറുപടി നൽകിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം തങ്ങളുടെ പ്രസ്താവനയിലൂടെ കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles