മൊറോക്കോയെ വീഴ്ത്തി ഫ്രാൻസ് സെമിയിൽ; എംബാപ്പെയും ഡെംബെലെയും തിളങ്ങി

ബോസ്റ്റൺ: ഫിഫ ലോകകപ്പ് 2026-ന്റെ ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് (2-0) തകർത്ത് നിലവിലെ റണ്ണേഴ്സ് അപ്പായ ഫ്രാൻസ് സെമി ഫൈനലിൽ പ്രവേശിച്ചു. ബോസ്റ്റണിലെ ജിലിറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബെലെ എന്നിവർ നേടിയ ഗോളുകളാണ് ഫ്രാൻസിന് ആധികാരിക വിജയം സമ്മാനിച്ചത്. ഇതോടെ തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ ലക്ഷ്യമിടുന്ന ഡിദിയർ ദെഷാംപ്സിന്റെ ഫ്രഞ്ച് പട, ചൊവ്വാഴ്ച ടെക്സസിലെ ആർലിംഗ്ടണിൽ നടക്കുന്ന സെമി ഫൈനലിൽ സ്പെയിൻ അല്ലെങ്കിൽ ബെൽജിയം ടീമുകളിൽ ഒന്നിനെ നേരിടും.

ആദ്യ പകുതിയിൽ ഫ്രാൻസിനെ സമർത്ഥമായി പ്രതിരോധിക്കാൻ മൊറോക്കോയ്ക്ക് സാധിച്ചിരുന്നു. മത്സരത്തിന്റെ 28-ാം മിനിറ്റിൽ നൗസെർ മസ്റൂയി എംബാപ്പെയെ ബോക്സിൽ വീഴ്ത്തിയതിന് ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും, എംബാപ്പെയുടെ കിക്ക് മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോണോ ഉജ്ജ്വലമായി രക്ഷപ്പെടുത്തി. ദീർഘനേരം നീണ്ടുനിന്ന വാർ പരിശോധനയ്ക്ക് ശേഷമാണ് പെനാൽറ്റി എടുക്കാൻ അനുമതി ലഭിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസിന്റെ നിരന്തര സമ്മർദ്ദത്തിന് മുന്നിൽ മൊറോക്കൻ പ്രതിരോധം തകരുകയായിരുന്നു. 60-ാം മിനിറ്റിൽ ബോക്സിന്റെ അരികിൽ നിന്നും കിലിയൻ എംബാപ്പെ തൊടുത്ത മനോഹരമായ റൈറ്റ്-ഫൂട്ട് കേളിംഗ് ഷോട്ട് ബോണോയെ കാഴ്ചക്കാരനാക്കി വലയിൽ പതിച്ചു. ടൂർണമെന്റിൽ എംബാപ്പെയുടെ എട്ടാമത്തെ ഗോളായിരുന്നു ഇത്.

ആദ്യ ഗോളിന്റെ ആവേശം അടങ്ങും മുൻപ് 66-ാം മിനിറ്റിൽ ഫ്രാൻസ് തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. മിഡ്ഫീൽഡിൽ നിന്നും പന്തുമായി മുന്നേറിയ പിഎസ്ജി താരം ഉസ്മാൻ ഡെംബെലെ മൊറോക്കൻ പ്രതിരോധത്തെ മറികടന്ന് പന്ത് താഴെ കോർണറിലേക്ക് പായിച്ച് ഫ്രാൻസിന്റെ വിജയം ഉറപ്പിച്ചു. ആക്രമണത്തിൽ ഏറെ പിന്നിലായിപ്പോയ മൊറോക്കോയ്ക്ക് മത്സരത്തിന്റെ 83-ാം മിനിറ്റിൽ അസ്ദിൻ ഔനാഹി എടുത്ത ഫ്രീകിക്കിലൂടെയാണ് ആദ്യമായി ഫ്രഞ്ച് പോസ്റ്റിന് നേരെ ഒരു ഷോട്ട് ഉതിർക്കാനായത്. എന്നാൽ ഫ്രഞ്ച് കീപ്പർ മൈക്ക് മൈനൻ ഇത് തട്ടിയകറ്റി. കഴിഞ്ഞ 2022 ലോകകപ്പ് സെമി ഫൈനലിലെ അതേ സ്കോറിന് (2-0) മൊറോക്കോയെ വീഴ്ത്തിയാണ് ഇത്തവണയും ഫ്രാൻസ് തങ്ങളുടെ ജൈത്രയാത്ര തുടരുന്നത്. വെള്ളിിയാഴ്ച ലോസ് ആഞ്ചലസിൽ നടക്കുന്ന സ്പെയിൻ – ബെൽജിയം മത്സരത്തിലെ വിജയികളെയാവും ഫ്രാൻസ് സെമിയിൽ നേരിടുക.

 

Related Articles

- Advertisement -spot_img

Latest Articles