കൊച്ചി: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ താരം മോണാലിസയ്ക്കും ഭർത്താവ് ഫർമാനും നൽകിയിരുന്ന പ്രത്യേക പൊലീസ് സംരക്ഷണം കേരള ഹൈക്കോടതി പിൻവലിച്ചു. ഇരുവരും ഹർജിയിൽ നൽകിയിരുന്ന വിലാസത്തിലൂടെയോ ഫോൺ നമ്പറുകളിലൂടെയോ നിലവിൽ ഇവരെ ബന്ധപ്പെടാനും കണ്ടെത്താനും കഴിയുന്നില്ലെന്ന് സർക്കാർ കോടതിയെ ഔദ്യോഗികമായി അറിയിച്ചതിനെ തുടർന്നാണ് ഈ നടപടി. ഇനിമേൽ പെൺകുട്ടി നേരിട്ട് ആവശ്യപ്പെടുകയാണെങ്കിൽ മാത്രം സുരക്ഷ നൽകിയാൽ മതിയെന്ന് കോടതി വ്യക്തമാക്കി. അതിനിടെ, ഫർമാൻ സമർപ്പിച്ചിരുന്ന മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശ് കോടതി തള്ളിയതായും വിവരമുണ്ട്.
അന്യമതസ്ഥനായ ഫർമാൻ എന്ന യുവാവിനെ വിവാഹം കഴിച്ചതിന് പിന്നാലെ മുഖ്യധാരാ മാധ്യമങ്ങളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും തനിക്കെതിരെ വലിയ രീതിയിൽ വിദ്വേഷ പ്രചാരണങ്ങളും വധഭീഷണികളും ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് മോണാലിസ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. തങ്ങളുടെ ഫോട്ടോകൾ തെരുവുകളിൽ പരസ്യമായി കത്തിക്കുകയും ചെരുപ്പുകൊണ്ട് അടിക്കുകയും ചെയ്തതായും, നേരിൽ കണ്ടാൽ വെടിവച്ചു കൊല്ലുമെന്ന് വ്യക്തമാക്കുന്ന ഭീഷണി സന്ദേശങ്ങൾ ഫോണിലൂടെ ലഭിക്കുന്നതായും ഹർജിയിൽ ഇവർ വെളിപ്പെടുത്തിയിരുന്നു. ഈ കടുത്ത സുരക്ഷാഭീഷണി കണക്കിലെടുത്താണ് ഹൈക്കോടതി മുൻപ് ഇവർക്ക് പൊലീസ് സംരക്ഷണം അനുവദിച്ചത്. എന്നാൽ, ഫർമാൻ തന്റെ മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് യുവതിയുടെ പിതാവ് മധ്യപ്രദേശ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെതിരെ നിയമപരമായ സംരക്ഷണം തേടിയാണ് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.



