മനാമ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, ബഹ്റൈനിലെ സിവിലിയന്മാരെ ലക്ഷ്യമിട്ട് ഇറാൻ വീണ്ടും ക്രൂരമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ബഹ്റൈൻ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാന്റെ ഭാഗത്തുനിന്നും തുടർച്ചയായുള്ള ആസൂത്രിത അധിനിവേശ നീക്കങ്ങളാണ് ഉണ്ടാകുന്നതെന്നും എന്നാൽ രാജ്യത്തേക്ക് കുതിച്ചെത്തിയ ശത്രു മിസൈലുകളെയും ഡ്രോണുകളെയും ബഹ്റൈന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി ആകാശത്തുവെച്ച് തടഞ്ഞുനിർത്തി നശിപ്പിച്ചതായും സൈന്യം വ്യക്തമാക്കി. തങ്ങളുടെ പൗരന്മാരെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ഇത്തരം വ്യോമാക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ബഹ്റൈൻ കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ ജീവനും സംരക്ഷിക്കുന്നതിനായി ബഹ്റൈൻ സായുധ സേനയുടെ എല്ലാ വിഭാഗങ്ങളും യൂണിറ്റുകളും നിലവിൽ ഏറ്റവും ഉയർന്ന ജാഗ്രതയിലാണുള്ളത് (Highest level of readiness). ഏത് തരത്തിലുള്ള പ്രതിരോധ ചുമതലകൾ നിർവ്വഹിക്കാനും സൈന്യം പൂർണ്ണ സജ്ജമാണെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. നിലവിലെ അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് ബഹ്റൈൻ ജനത തികഞ്ഞ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും സൈനിക നേതൃത്വം ആവശ്യപ്പെട്ടു.
അതേസമയം, കഴിഞ്ഞ ദിവസം രാത്രി വൈകി ഇറാന്റെ വിവിധ നഗരങ്ങളെ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യം ശക്തമായ ബോംബാക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് തങ്ങളുടെ പ്രദേശങ്ങൾക്ക് നേരെയും കനത്ത വ്യോമാക്രമണം നടത്തിയതായി അയൽരാജ്യങ്ങളായ കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഗൾഫ് മേഖലയിലെ ഭൂരിഭാഗം രാജ്യങ്ങളും ഇറാന്റെ മിസൈൽ ആക്രമണ പരിധിയിലായിരിക്കുകയാണ്.



