മുംബൈ: ശിവസേന (ഉദ്ധവ് താക്കറെ പക്ഷം) മുതിർന്ന നേതാവ് വിനായക് റാവുത്തിനും കുടുംബത്തിനുമെതിരെ ഗുരുതരമായ മന്ത്രവാദ, ഗാർഹിക പീഡന പരാതിയുമായി മരുമകൾ ഗിരിജ റാവുത്ത് രംഗത്ത്. ഭർത്താവിന്റെ വീട്ടിൽ വെച്ച് തന്നെ ബലമായി ഗോമൂത്രം കുടിപ്പിച്ചുവെന്നും ആൾദൈവങ്ങളെയും മന്ത്രവാദികളെയും സന്ദർശിക്കാൻ നിരന്തരം നിർബന്ധിച്ചുവെന്നുമാണ് യുവതിയുടെ പരാതി. ഒരു ഘട്ടത്തിൽ ആൾദൈവങ്ങളുടെ മുന്നിൽ വെച്ച് തന്റെ തലമുടി ബലമായി മുറിച്ചുമാറ്റാൻ വരെ കുടുംബാംഗങ്ങൾ ശ്രമിച്ചുവെന്നും യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ 2008 മുതൽ 2022 വരെയുള്ള നീണ്ട കാലയളവിലാണ് തനിക്ക് ഭർതൃവീട്ടിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ നേരിടേണ്ടി വന്നതെന്ന് ഗിരിജ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കഴിഞ്ഞ ഏഴ് വർഷമായി അതീവ ഗുരുതരമായ സാമൂഹികവും മാനസികവും വൈകാരികവുമായ പീഡനങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നത്. പ്രതികൾ രാഷ്ട്രീയമായി കടുത്ത സ്വാധീനമുള്ളവർ ആയതുകൊണ്ടാണ് ഇത്രയും കാലം ഈ കാര്യങ്ങൾ പുറത്തുപറയാൻ ഭയന്നതെന്നും, ഭർത്താവിന്റെ വന്ധ്യതാ പ്രശ്നങ്ങൾ മൂടിയേറ്റാനായി കുടുംബം തന്നെ നിരന്തരം മന്ത്രവാദികളുടെയും ആൾദൈവങ്ങളുടെയും അടുത്ത് കൊണ്ടുപോവുകയായിരുന്നുവെന്നും ഗിരിജ തുറന്നടിച്ചു.



