ജനീവ :ലോകമെമ്പാടും ക്യാൻസർ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട്. ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങളും കൃത്യമായ ചികിത്സാ സൗകര്യങ്ങളും സമയബന്ധിതമായി നടപ്പിലാക്കിയില്ലെങ്കിൽ 2050-ഓടെ വാർഷിക ക്യാൻസർ കേസുകൾ നിലവിലുള്ളതിനേക്കാൾ ഏകദേശം ഇരട്ടിയായി വർദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്.
നിലവിൽ പ്രതിവർഷം 2.06 കോടിയോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ 2050 ആകുമ്പോഴേക്ക് ഇത് 3.5 കോടിയോളമായി ഉയരുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഹൃദ്രോഗത്തിന് പിന്നാലെ ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾക്കിടയാക്കുന്ന രണ്ടാമത്തെ പ്രധാന രോഗമാണ് ക്യാൻസർ.
പുകയിലയുടെയും മദ്യത്തിന്റെയും അമിത ഉപയോഗം, പൊണ്ണത്തടി, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണരീതികൾ, വായു മലിനീകരണം, കൂടാതെ ഹെപ്പറ്റൈറ്റിസ്, ഹ്യൂമൻ പാപ്പിലോമ വൈറസ് തുടങ്ങിയ രോഗബാധകൾ എന്നിവയാണ് ക്യാൻസർ കേസുകൾ ഇത്രയധികം വർദ്ധിക്കുന്നതിലേക്ക് നയിക്കുന്നത്.
ജനസംഖ്യാ വർദ്ധനവും ആളുകളുടെ ശരാശരി ആയുസ്സ് കൂടുന്നതും വർദ്ധനവിന് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് വികസ്വര-കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലായിരിക്കും ക്യാൻസർ മൂലമുള്ള പ്രതിസന്ധി കൂടുതൽ രൂക്ഷമാകുക. ചികിത്സാ സൗകര്യങ്ങളുടെ കുറവും രോഗം നേരത്തെ കണ്ടെത്താനുള്ള സംവിധാനങ്ങളുടെ പരിമിതിയും ഈ രാജ്യങ്ങളിലെ മരണനിരക്ക് വർദ്ധിക്കാൻ ഇടയാക്കും.
സ്തനാർബുദം പോലുള്ള രോഗങ്ങൾ നേരത്തെ കണ്ടെത്തിയാൽ സമ്പന്ന രാജ്യങ്ങളിൽ 85 ശതമാനത്തിലധികം പേരും അതിജീവിക്കുമ്പോൾ, ദരിദ്ര രാജ്യങ്ങളിൽ അതിജീവന നിരക്ക് 40 ശതമാനത്തിൽ താഴെ മാത്രമാണ്. ക്യാൻസർ കെയർ പദ്ധതികൾ പല രാജ്യങ്ങളുടെയും പൊതുജനാരോഗ്യ നയങ്ങളിൽ ഉൾപ്പെടുത്താത്തത് വെല്ലുവിളി ഉയർത്തുന്നുണ്ട്. ക്യാൻസറിനെതിരെയുള്ള പോരാട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ മുൻഗണന നൽകണമെന്നും എല്ലാവർക്കും തുല്യമായ രീതിയിൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെടുന്നു.



