ദോഹ/മനാമ: പശ്ചിമേഷ്യയിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള വ്യോമാക്രമണങ്ങൾ തുടർച്ചയായി നീളുന്നതോടെ ഗൾഫ് രാജ്യങ്ങളും ജോർദാനും കഴിഞ്ഞ 24 മണിക്കൂറുകളായി അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. തങ്ങൾ ഗൾഫ് മേഖലയിലെയും ജോർദാനിലെയും അമേരിക്കൻ സൈനിക താവളങ്ങളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ഇറാൻ ആവർത്തിക്കുമ്പോഴും മേഖലയിലെ ഇതര രാജ്യങ്ങളുടെ അനുഭവം മറ്റൊന്നാണ്. ബഹ്റൈനു നേരെ ഉണ്ടായ നിരവധി വ്യോമാക്രമണങ്ങളെ തങ്ങളുടെ പ്രതിരോധ സേന ആകാശത്തുവെച്ച് തടഞ്ഞുനിർത്തിയതായി ബഹ്റൈൻ വ്യക്തമാക്കി. സിവിലിയന്മാരെയും അവരുടെ സ്വകാര്യ സ്വത്തുക്കളെയും ഇറാൻ ബോധപൂർവ്വം ലക്ഷ്യമിടുകയാണെന്ന് ബഹ്റൈൻ ഭരണകൂടം കുറ്റപ്പെടുത്തി. അതേസമയം, അയൽരാജ്യമായ ജോർദാനിലേക്ക് കുതിച്ചെത്തിയ ഇറാന്റെ നാല് മിസൈലുകളെ അവരുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർത്തു. ഇതിന്റെ അവശിഷ്ടങ്ങൾ പലയിടങ്ങളിലായി വീണതായും റോയൽ എഞ്ചിനീയറിംഗ് കോർപ്സ് ഇവ നീക്കം ചെയ്യുകയാണെന്നും ജോർദാൻ അറിയിച്ചു.
ഇതിനിടെ ഹോർമോസ് കടലിടുക്കിന്റെ തെക്കൻ ഭാഗത്ത്, ഒമാന്റെ സമുദ്രപരിധിയിൽ വെച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യുഎഇ) രണ്ട് ചരക്കുകപ്പലുകൾക്ക് നേരെ ഇറാന്റെ ക്രൂസ് മിസൈൽ ആക്രമണമുണ്ടായി. ആക്രമണത്തെ തുടർന്ന് കപ്പലുകളിൽ വൻ തീപിടിത്തമുണ്ടാവുകയും, ഇതിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും ചെയ്തതായി യുഎഇ സ്ഥിരീകരിച്ചു. ആക്രമണത്തിൽ എട്ട് നാവികർക്ക് പരിക്കേറ്റിട്ടുണ്ട്, ഇതിൽ ചിലരുടെ പരിക്ക് അതീവ ഗുരുതരമാണ്. നിലവിലെ കടുത്ത യുദ്ധസാഹചര്യത്തെക്കുറിച്ച് ഒമാൻ വിദേശകാര്യ മന്ത്രി ബദർ ബിൻ ഹമദ് അൽബുസൈദി ഫ്രഞ്ച് പത്രമായ ‘ലെ മോണ്ടെ’യിൽ എഴുതിയ ലേഖനത്തിൽ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.
ഇറാനെതിരെയുള്ള പ്രതിരോധ നയങ്ങൾ വെറും മിഥ്യയായിരുന്നുവെന്ന് ഈ യുദ്ധം തെളിയിച്ചതായി അദ്ദേഹം കുറിച്ചു. ഗൾഫ് മേഖല മുഴുവൻ ഈ യുദ്ധത്താൽ മുറിവേറ്റിരിക്കുകയാണെന്നും, തങ്ങൾ ഒരിക്കലും തുടങ്ങാൻ ആഗ്രഹിക്കാത്ത ഒരു വലിയ സംഘർഷത്തിലേക്ക് ഒമാനിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും ജനങ്ങൾ വലിച്ചിഴയ്ക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും, ഈ കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ ഏതെങ്കിലും തരത്തിലുള്ള നയതന്ത്ര ഉടമ്പടിയിലൂടെ മാത്രമേ ഈ സംഘർഷത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ എന്ന് ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിലയിരുത്തുന്നു.



