മാലിന്യത്തിൽ നിന്ന് പണം: നാല് വർഷത്തിനിടെ അജൈവ പാഴ്വസ്തുക്കൾ വിറ്റ് കേരളം നേടിയത് 205 കോടി രൂപ

കൊച്ചി: സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന അജൈവ പാഴ്വസ്തുക്കളുടെ ശാസ്ത്രീയമായ സംസ്കരണവും വിപണനവും വഴി കോടികളുടെ സാമ്പത്തിക നേട്ടവുമായി കേരളം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകർമസേന എന്നിവരുടെ സഹകരണത്തോടെ കഴിഞ്ഞ നാല് വർഷത്തിനിടെ പാഴ്വസ്തുക്കൾ തരംതിരിച്ചു വിറ്റ് 205.20 കോടി രൂപയാണ് സംസ്ഥാനം കൈവരിച്ചത്. ഉറവിട മാലിന്യ ശേഖരണവും മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ, റിസോഴ്സ് റിക്കവറി ഫെസിലിറ്റികൾ എന്നിവ വഴിയുള്ള ശാസ്ത്രീയ സംസ്കരണവുമാണ് പാഴ്വസ്തുക്കളെ വലിയ സാമ്പത്തിക മൂല്യമുള്ളതാക്കി മാറ്റിയത്. സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിലാണ് പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യങ്ങൾ, പേപ്പർ, ഗ്ലാസ്, ലോഹ ആക്രികൾ, തുണിത്തരങ്ങൾ, മരുന്ന് സ്ട്രിപ്പുകൾ തുടങ്ങിയ അജൈവ പാഴ്വസ്തുക്കൾ ശേഖരിച്ച് ശാസ്ത്രീയ പുനഃചംക്രമണത്തിനും മൂല്യവർദ്ധനവിനുമായി എത്തിക്കുന്നത്. ഈ പദ്ധതിയിലൂടെ പുനരുപയോഗ സാധ്യമായ പാഴ്വസ്തുക്കൾ ക്ലീൻ കേരള കമ്പനി വഴി വിപണനം ചെയ്ത് സംസ്ഥാനത്തെ ഹരിതകർമസേനാംഗങ്ങൾ മാത്രം 40.06 കോടിയിലധികം രൂപയുടെ വരുമാനം സ്വന്തമാക്കിയിട്ടുണ്ട്.

മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതും കത്തിക്കുന്നതും ഒഴിവാക്കി ജനങ്ങളെ ശാസ്ത്രീയ സംസ്കരണ പാതയിലേക്ക് നയിക്കാൻ സാധിച്ചത് പരിസ്ഥിതി, പൊതുജനാരോഗ്യ സംരക്ഷണ മേഖലകളിൽ പുതിയൊരു ‘കേരള മാതൃക’ സൃഷ്ടിച്ചതായി ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ് കുമാർ വ്യക്തമാക്കി. പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് അവശിഷ്ടങ്ങളെ ഇന്ധനമാക്കി മാറ്റുന്ന ആർ.ഡി.എഫ് പ്ലാന്റുകൾ സ്വകാര്യ പങ്കാളിത്തത്തോടെ എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ എറണാകുളം, കൊല്ലം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ സാനിറ്ററി മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്ലാസ്റ്റിക് പാഴ്വസ്തുക്കളെ പുനരുപയോഗ സാധ്യമായ ഗ്രാനൂളുകളാക്കി മാറ്റുന്ന പൊതുമേഖലയിലെ ആദ്യത്തെ പ്ലാസ്റ്റിക് പാഴ്വസ്തു ഗ്രീൻ പാർക്ക് പത്തനംതിട്ടയിൽ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles